കാസര്‍ഗോഡ് ആത്മീയതയുടെ മറവില്‍ വന്‍ ചികിത്സാ തട്ടിപ്പ്. കോട്ട ഉസ്താദ് എന്നറിയപ്പെടുന്ന കാസര്‍ഗോഡ് നീര്‍ച്ചാല്‍ സ്വദേശി അബ്ദുറഹ്മാന്‍ എന്ന അദ്രാന്‍ച്ചയാണ് ആത്മീയതയുടെ മറവില്‍ ചികിത്സ തട്ടിപ്പ് നടത്തുന്നത്. ശാസ്ത്രം ഇത്രയേറെ വികസിച്ച, ആരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും മുന്നിലുള്ള സംസ്ഥാനത്താണ് നാലായിരത്തോളം ക്യാന്‍സര്‍ രോഗികളെ മന്ത്രം ചൊല്ലി ഊതിക്കൊടുത്ത പൊടി കൊണ്ട് ചികിത്സിച്ചു ഭേദമാക്കി എന്ന് അവകാശപ്പെടുന്നത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകനും മരക്കച്ചവടക്കാരനുമായിരുന്ന കോട്ട അബ്ദുറഹ്മാന്‍ എന്ന കോട്ട ഉസ്താദ് 2015 ല്‍ അതായത് മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ചികിത്സാ കേന്ദ്രത്തിലേക്ക് ഇന്ന് ദിവസവും എത്തുന്നത് രണ്ടായിരത്തില്‍പ്പരം രോഗികളാണ്. കോട്ട അബ്ദുറഹ്മാന്റെ “അത്ഭുത സിദ്ധി”യെ വാഴ്ത്തിക്കൊണ്ട് ഒരു പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോയിലൂടെയാണ് പലഭാഗത്തു നിന്നും ആളുകള്‍ കോട്ടയിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നും കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്.
അജ്മീറില്‍ നിന്നും അനുഗ്രഹം കിട്ടിയെന്നവകാശപ്പെടുന്ന അബ്ദുറഹ്മന്‍ വീട്ടില്‍ നിന്ന് തന്നെയാണ് രോഗികള്‍ക്ക് വിതരണം ചെയ്യുന്ന പൊടി ഉണ്ടാക്കിയെടുക്കുന്നത്. കോട്ടയിലെത്തുന്ന രോഗികള്‍ക്ക് രോഗം എന്തെന്നു പോലും അറിയാതെ തന്നെ ഇയാള്‍ മരുന്ന് കൊടുത്ത് വിടും. വീണ്ടും വരേണ്ട ദിവസവും മുന്‍കൂട്ടി അറിയിക്കും.
നിലവില്‍ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി ഫാര്‍മസിസ്റ്റും സോളിഡാരിറ്റി നേതാവ് കൂടിയായ സി.എ യൂസഫ് എന്നയാള്‍ ഇയാള്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജയ്ക്കും ഡി.എം.ഒയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയിലെ കന്യപ്പാടിക്കടുത്ത് മുണ്ട്യത്തടുക്ക റോഡില്‍ കോട്ട എന്ന പ്രദേശത്ത് ക്യാന്‍സര്‍ ചികിത്സ നടത്തുന്ന കോട്ട അബ്ദുറഹ്മാന്‍ എന്ന കോട്ട അദ്രാന്‍ച്ചയ്ക്ക് വൈദ്യശാസ്ത്രത്തിലോ, പാരമ്പര്യ വൈദ്യത്തിലോ യാതൊരു ബന്ധവുമില്ലാത്തയാളാണെന്നും ഇത്തരം വ്യാജ ചികിത്സ തട്ടിപ്പിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും യൂസഫ് പറയുന്നു.
രോഗനിര്‍ണ്ണയ ശേഷം വിവിധ ഘട്ടങ്ങളിലൂടെ നടത്തുന്ന ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ഒരു ക്യാന്‍സര്‍ രോഗിയുടെ ചികിത്സ തീരുമാനിക്കപ്പെടുന്നത്. അപ്പോഴാണ് നാലാം സ്റ്റേജും കഴിഞ്ഞു വരുന്നവരെ മാത്രമാണ് താന്‍ ചികിത്സിക്കുന്നത് എന്നും പറഞ്ഞ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.
“”ഒരു അവയവത്തിന് മൂന്നും നാലും തരം ക്യാന്‍സറുണ്ടാവാം. ഏതുതരം ക്യാന്‍സറാണ്, ഏത് സ്റ്റേജാണ് ഇതൊക്കെ കണ്ടു പിടിച്ചശേഷം ഓരോന്നിനും ഓരോ തരം മരുന്നും ചികിത്സയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. അത് ഒരാളല്ല ഒരു ടീമാണ് പ്ലാന്‍ ചെയ്യുക. ഏതെങ്കിലും ഒരു പൊടി കലക്കികൊടുത്താല്‍ എല്ലാ ക്യാന്‍സറും ഇയാള്‍ മാറ്റുമെങ്കില്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അപേക്ഷിക്കാവുന്നതാണ്. കാരണം അത് അസാധ്യമാണ്. ക്യാന്‍സര്‍ നേരത്തെ കണ്ടുപിടിച്ച് കൃത്യസമയത്ത് മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അത് അടുത്ത അവയവത്തിലേക്കൊക്കെ പടര്‍ന്ന് ജീവന്‍പോലും നഷ്ടപ്പെടാന്‍ ഇടയുണ്ട്””. എന്നാണ് വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കൊളേജ് ഡോക്ടര്‍ ഷിംന അസീസ് പറയുന്നത്.
ആഴ്ചയില്‍ രണ്ട് വീതം മാസത്തില്‍ എട്ടു ദിവസം മാത്രമാണ് കോട്ട അദ്രാന്‍ച്ച രോഗികളെ കാണാറുള്ളു. പുലര്‍ച്ചെ നാലുമണിയോടെയെത്തി ടോക്കണ്‍ കൈപ്പറ്റിയ ശേഷം രണ്ടായിരവും മൂവായിരവും നമ്പറെത്തുന്നതുവരെ രോഗികള്‍ കാത്തിരിക്കേണ്ടി വരും.
നേരത്തേ തയ്യാറാക്കിവച്ച മരുന്നു പൊതികള്‍ ആവശ്യക്കാര്‍ എത്തുന്നതനുസരിച്ച് പ്രാര്‍ത്ഥിച്ച് ഊതി കൈമാറുകയാണ് പതിവ്. ആരാണ് രോഗിയെന്നോ, എന്താണ് രോഗമെന്നോ പോലും അബ്ദുറഹ്മാന് അറിയേണ്ടതില്ല.
വിശ്വാസത്തോടെയെത്തുന്നവര്‍ മരുന്നുപൊതികളും വാങ്ങി മടങ്ങുകയും ചെയ്യും. തന്റെ വീട്ടില്‍ തയ്യാറാക്കിയിട്ടുള്ള ചികിത്സാ ശാലയില്‍ അബ്ദുറഹ്മാന്‍ വിതരണം ചെയ്യുന്നത് എന്തു തരം മരുന്നാണെന്നു പോലും ആര്‍ക്കും നിശ്ചയമില്ല. 2015 മുതല്‍ ആത്മീയ ചികിത്സ നടത്തിപ്പോരുന്ന അബ്ദുറഹ്മാന്റെയടുക്കല്‍ പരിസരപ്രദേശങ്ങളില്‍ നിന്നെല്ലാം ധാരാളം ആളുകള്‍ എത്തിച്ചേരാറുണ്ടായിരുന്നെങ്കിലും, ചുറ്റുവശവുമുള്ള പറമ്പുകള്‍ നിറയെ പല രജിസ്ട്രേഷനിലുള്ള ആംബുലന്‍സുകളും മറ്റു വാഹനങ്ങളും നിറഞ്ഞുകവിയാന്‍ തുടങ്ങിയത് ഈയടുത്താണ്.
ആത്മീയത മറയാക്കിയാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതെന്നാണ് കാസര്‍ഗോഡുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാം റാവുത്തര്‍ പറയുന്നത്. “മതവിശ്വാസത്തെ അന്ധ വിശ്വാസമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യമായ സൂഫിസത്തെയും, അജ്മീര്‍ പോലുള്ള ദര്‍ഗളേയുമാണ് ഈ കപട ചികിത്സകര്‍ മറയാക്കുന്നത്. ദര്‍ഗയുടെ പേരിലുള്ള ഒരു വഞ്ചിപ്പെട്ടിയും, അതിന് മുന്നില്‍ ചന്ദനത്തിരിയുടേയും, കുന്തിരക്കത്തിന്റെ മണവും, പുകയും മേമ്പൊടിയായി ഓതി ഊതി വിശ്വസിപ്പിക്കുന്ന നമ്പരുകളും സുഫിസമാണന്ന് വിശ്വസിച്ചിരിക്കുന്ന പാവം വിശ്വാസികളെ പറ്റിക്കാന്‍ ഇക്കൂട്ടര്‍ക്ക് പെട്ടെന്ന് പറ്റും. സൂഫിസത്തെ കുറിച്ചുള്ള ശരിയായ അറിവില്ലാത്ത ഭൂരിപക്ഷം വിശ്വാസികളും ഇത്തരം ഗിമ്മിക്കുകളില്‍ വീഴുന്നു. കപട ചികിത്സ നടത്തി കരളിന് CLD (cronic liver deasese) ഉം വൃക്കകള്‍ക്ക് തകരാറുമായ ഏതാനും രോഗികളെ എനിക്ക് നേരിട്ടറിയാം. ലക്ഷക്കണക്കിന് രൂപാ മംഗലാപുരം കസ്തൂര്‍പാ മെഡിക്കല്‍ കൊളേജില്‍ ചിലവഴിച്ചിട്ടാണ് പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നത്”.
ക്യാന്‍സറിന്റെ നാലാം സ്റ്റേജും കഴിഞ്ഞ് ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞ രോഗികളാണ് ഇവിടെയെത്തുന്നതെന്നും ഇവരില്‍ നിന്ന് ഒരു രൂപപോലും വാങ്ങിക്കാറില്ലെന്നുമാണ് ഇയാളുടെ അവകാശവാദം. എന്നാല്‍ എത്ര വയ്യാത്ത രോഗിക്കും പാലിയേറ്റീവ് കീമോയെന്നൊക്കെ പറഞ്ഞ് അവര്‍ക്ക് സമാധാനമായിട്ട് മരിക്കാനുള്ള ട്രീറ്റ്മെന്റ് ഇന്ന് ഉണ്ടെന്നാണ് ഡോക്ടര്‍ ഷിംന അസീസ് പറയുന്നത്.
കയ്യൊഴിഞ്ഞവരെയാണ് ചികിത്സിക്കുന്നതെന്ന് പറയുന്നു. നാലാം സ്റ്റേജിലുള്ള രോഗിക്കു പോലും വേദന കുറയ്ക്കാനും മാനസികമായി സ്വസ്ഥത കിട്ടാനും എല്ലാ വിധ ചികിത്സയും നല്‍കുമെന്നിരിക്കെ എവിടെയാണ് ഈ കയ്യൊഴിയല്‍. കയ്യൊഴിയുകയെന്നു പറഞ്ഞാല്‍ ഒരുപക്ഷേ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ല എന്നതാവാം. പക്ഷേ അത് മാറ്റുകയെന്നത് സാധ്യമല്ല. അത് മാറ്റിയെന്നു പറയുന്നുണ്ടെങ്കില്‍ അതിന് തെളിവുകളുമായി വരണം. ഇത്തരം ചികിത്സകള്‍ വലിയ ബിസിനസാണ്. അത് മൗത്ത് പബ്ലിസിറ്റി വഴി എല്ലായിടത്തും എത്തുന്നതാണ്. പിന്നെ എപ്പോഴും ആളുകള്‍ക്ക് ഷോട്ട് കട്ടിനോട് തോന്നുന്ന വല്ലാത്ത താല്‍പര്യമുണ്ട്. ഷിമോഗയില്‍ ചികിത്സയുണ്ടെന്ന പ്രചരണമുണ്ടായിരുന്നു. അതിന്റെ മരുന്നുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ അപകരമായ കെമിക്കലുകളാണ് ഉണ്ടായിരുന്നത്. മരുന്നുകള്‍ നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ കണ്ടന്റ് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും ഷിംന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ കേസുകള്‍ ചികില്‍സിക്കുന്ന അത്ഭുത മനുഷ്യന്‍ എന്ന് പ്രചരിക്കുമ്പോള്‍ ആ തെറ്റിദ്ധാരണയില്‍ വീഴുന്നത് ആദ്യ സ്റ്റേജിലെ രോഗികളാണന്ന് ഇവരുടെ സ്തുതിപാഠകര്‍ അറിയണം. രോഗവും രോഗപീഢയും മൂലം ദുരിതമനുഭവിക്കുന്നവരെ കൃത്യമായ ചതിക്കുഴികളിലേക്ക് തള്ളിയിടാനെ ഇവരുടെ പ്രചരണങ്ങള്‍ക്കും, ന്യായികരണങ്ങള്‍ക്കും കഴിയൂമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാം റാവുത്തര്‍ പറയുന്നത്.
“മിക്ക രോഗികളും ചികിത്സ തുടരുമ്പോഴാണ് ഇത്തരം തട്ടിപ്പുകാരുടെ ഏജന്റുമാര്‍ വഴിയോ കേട്ടുകേള്‍വികള്‍ വഴിയോ ഇവരിലേക്ക് എത്തുന്നത് അതോടെ തുടര്‍ന്നു വന്നിരുന്ന ചികിത്സ നിര്‍ത്തി ഇവര്‍ നല്‍കുന്ന പൊടികളിലോ, പാനിയങ്ങളോ കഴിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കന്ന കണ്ടന്റുകള്‍ അജ്ഞാതമാണ്. വേരുകളുടെ പൊടികള്‍ കൊപ്പം രാസ പദാര്‍ത്ഥങ്ങള്‍ മുതല്‍, ആന്റീബയോട്ടിക്കുകള്‍ വരെ പൊടിച്ചു ചേര്‍ക്കുന്നതായിട്ടാണ് വിവരം. ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം മൂലം വൃക്കകള്‍ക്ക് തകരാറിലായി എന്ന റിപ്പോര്‍ട്ട് വന്നപ്പോഴാണ് രോഗി സ്ഥിരമായികഴിച്ചു കൊണ്ടിരുന്ന പൊടിയുടെ കാര്യം വെളിപ്പെടുന്നതെന്നും നിസാം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇയാള്‍ രോഗികളില്‍ നിന്നും ഒരു രൂപ പോലും വാങ്ങുന്നില്ലെന്നത് കള്ളമാണെന്ന് നാട്ടുകാരും അവിടെ പോയവരും പറയുന്നു. അബ്ദുറഹ്മാന്‍ ഇരിക്കുന്ന മുറിയില്‍ അജ്മീര്‍ ദര്‍ഗയുടെ പേരില്‍ ഒരു നേര്‍ച്ചപ്പെട്ടിയുണ്ട് വരുന്ന രോഗികള്‍ അതിലേക്ക് നിക്ഷേപിക്കാറാണ് പതിവ്. പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ പുറത്തുവിട്ടിട്ടുള്ള വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പണം വാങ്ങാതെയുള്ള ചികിത്സ എന്നത് ആളുകള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനും കാരണമാകുന്നുണ്ട്. വരുന്ന രോഗികള്‍ക്ക് അവിടെ തന്നെ ഭക്ഷണം ഇവര്‍ ഒരുക്കിയിട്ടുണ്ട്.
അമ്പതോ നൂറോ എന്ന് നിശ്ചിത ഫീസ് നിര്‍ണയിച്ചാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടി നേര്‍ച്ചപ്പെട്ടിയിലൂടെ ഇയാള്‍ സമ്പാദിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
രോഗികള്‍ തന്നെയാണ് ഇയാളുടെ ചികിത്സ കൊണ്ട് അസുഖം ഭേദമായി എന്ന് പറയുന്നത്. ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോഴാണ് ഇവിടെ എത്തിയതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഏതൊരു മരുന്നും കഴിക്കുമ്പോള്‍ താല്‍ക്കാലികമായി ആശ്വാസം ഉണ്ടെന്ന് തോന്നാം, സ്റ്റിറോയ്ഡ് കണ്ടന്റൊക്കെയുണ്ട്. ചില ചെടികളുടെ ഭാഗങ്ങള്‍ പോലും സ്റ്റിറോയ്ഡുകളുണ്ട്. ഇത്തരം സ്റ്റിറോയ്ഡ് അകത്തു ചെന്നാല്‍ താല്‍ക്കാലികമായി ആശ്വാസം കിട്ടിയെന്ന് തോന്നാം. ലക്ഷണങ്ങള്‍ ഒന്ന് അടങ്ങുന്നുണ്ടാവും. പക്ഷേ രോഗം അവിടെ തന്നെ കാണുമെന്നാണ് ഡോക്ടര്‍ ഷിംന അസീസ് വ്യക്തമാക്കുന്നത്.
ആത്മീയതയെന്നു പറയുന്നതിലാണ് ഇതൊക്കെ വര്‍ക്ക് ചെയ്യുന്നത്. ആരുമില്ലാതതവര്‍ക്ക് ദൈവം ഉണ്ടാകുമെന്ന് പറയുന്ന സംഭവമുണ്ടാല്ലോ. അത്തരം ചിന്തകളാണ് ഇതിന് ആധാരം. അങ്ങനെവരുമ്പോള്‍ അത് എളുപ്പം വിറ്റുപോകും. ഏത് ക്യാന്‍സറാണെന്നു പോലും മനസിലാക്കാതെ എല്ലാറ്റിനും ഒരു പൊടി നല്‍കുകയാണെങ്കില്‍ അത് വിശ്വസിക്കാന്‍ പറ്റില്ല. അത് അശാസ്ത്രീയമാണ്. ഇത് തട്ടിപ്പാണെന്നതിന് ഇതു മാത്രം മതി തെളിവ്.
അത് തന്നെയാണ് ഈ ചികിത്സാ തട്ടിപ്പിനെതിരെ പറയുന്നവരുടെയും വാദം. നാലായിരത്തോളം ക്യാന്‍സര്‍ രോഗികളെ ചികിത്സിച്ച ഇയാള്‍ക്ക്
വെറും 10 പേരുടെ മെഡിക്കല്‍ ടെസ്റ്റ് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ധൈര്യമുണ്ടോ എന്നാണ് വെല്ലുവിളി.
അതേസമയം വ്യാജ ചികിത്സകനെതിരെ പാരിതി കിട്ടിയിട്ടുണ്ടെന്നും അന്വേഷിച്ചു വരുകയാണെന്നും കാസര്‍ഗോഡ് ഡി.എം.ഒ ഡോക്ടര്‍ രാംദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.