| Sunday, 6th April 2014, 10:23 am

ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്തത് കുറ്റവിമുക്തനായതുകൊണ്ടല്ല: കോതമംഗലം രൂപതയുടെ ഇടയലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്തതു കുറ്റവിമുക്തനായതുകൊണ്ടല്ലെന്നും മാനുഷിക പരിഗണനവച്ചാണെന്നു ഇടയലേഖനത്തില്‍ പറയുന്നു.

ആരുടേയും സമ്മര്‍ദത്തിനു വഴങ്ങിയല്ല പ്രൊഫ. ടി.ജെ. ജോസഫിനെ തിരിച്ചെടുത്തതെന്നും മാനുഷിക പരിഗണവച്ചാണു ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്തതെന്നും ഇടയലേഖനം വ്യക്തമാക്കുന്നു. സഭയ്‌ക്കെതിരായ ജോസഫിന്റെ ആരോപണങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ചോദ്യപേപ്പര്‍ വിവാദത്തിന്റെ ഉത്തരവാദിത്വം ടി.ജെ ജോസഫിനാണ്. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല സഭ ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്തത്. ഏതെങ്കിലും മതവിഭാഗത്തോട് വിവേചനം പുലര്‍ത്തുന്ന സമീപനം സഭ സ്ഥാപനത്തില്‍ നിന്ന് ഉണ്ടായി എന്ന ആരോപണം ഏറെ വേദനാജനകമായി- ഇടയലേഖനം പറയുന്നു.

കോളേജിലെ 60 ശതമാനത്തിലധികം വരുന്ന ക്രൈസ്തവേതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതത്വബോധവും ആത്മാഭിമാനവും ഉറപ്പ് വരുത്താന്‍ മാനേജ്‌മെന്റ് ബാധ്യസ്ഥമായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ജോസഫിനെ പിരിച്ച് വിട്ടതെന്നും ഇടയലേഖനം വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 28നാണ് ജോസഫ് തിരിക ജോലിയില്‍ പ്രവേശിച്ചത്. 31 വിരമിയ്ക്കുകയും ചെയ്തു. ടി.ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യയും അതിനെത്തുടര്‍ന്നും ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സഭ കാണിക്കുന്ന വിമുഖത ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനമെടുത്തത്.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ. ജെസഫിനെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. പിന്നീട് കോളേജ് മാനേജ്‌മെന്റ് ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more