കൊച്ചി: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയിലെ സംഘര്‍ഷം രണ്ടാം ദിവസവും തുടരുന്നു. കോടതി വിധി പ്രകാരം ആരാധന നടത്താതെ പിന്‍മാറില്ലെന്ന ഓര്‍ത്തഡോക്‌സ് റമ്പാന്‍ നിലപാട് എടുത്തതോടെയാണ് രണ്ടാം ദിവസമായിട്ടും പ്രതിഷേധത്തിന് അയവ് വരാത്തത്.
നൂറ് കണക്കിന് യാക്കോബായ വിശ്വാസികളാണ് റമ്പാന്‍ പള്ളിയില്‍ കയറുന്നത് തടയാനായി പള്ളി മുറ്റത്ത് ഇന്നലെ മുതല്‍ തമ്പടിച്ചിരിക്കുന്നത്. അതേസമയം പള്ളി മറുവിഭാഗത്തിനു വിട്ടുകൊടുക്കുന്ന പ്രശ്നമില്ല എന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയത്. എന്നാല്‍ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു. നിരവധി നാളുകളായി ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന പള്ളിയില്‍ കോടതി വിധിയുടെ പിന്‍ബലത്തിലായിരുന്നു റമ്പാന്‍ ആരാധനയ്ക്ക് എത്തിയത്.
എന്നാല്‍ സ്ത്രീകളടക്കമുള്ള വലിയ ഒരു സംഘം റമ്പാനെ തടയുകയും പള്ളിക്ക് മുന്നില്‍ നിലത്ത് കിടന്ന് പ്രതിരോധിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വീണ്ടും ആളുകള്‍ എത്തുകയായിരുന്നു.
തിരികെ പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രാര്‍ത്ഥന നടത്താതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് റമ്പാനും കാറില്‍ തുടര്‍ന്നു. ഇതോടെയാണ് പ്രതിഷേധം രണ്ടാം ദിവസത്തേക്ക് നീണ്ടത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ കയറാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
അതേസമയം സംരക്ഷണമൊരുക്കാം എന്ന് പറഞ്ഞ ശേഷം പൊലീസ് തന്നെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ ആരോപിച്ചിരുന്നു. നേരെത്തെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ സംരക്ഷണം നല്‍കണമെന്ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയോട് കോടതി നിര്‍ദേശിച്ചിരുന്നു.
DoolNews Video