ഡൂള്‍ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍
കോതമംഗലം പെണ്‍വാണിഭക്കേസിലെ നിര്‍ണ്ണായക വിവരങ്ങളടങ്ങിയ രേഖകള്‍ ഡൂള്‍ ന്യൂസിന് ലഭിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും കേരള സ്ത്രീ വേദി കണ്‍വീനര്‍ അഡ്വ. പി.വി വിജയമ്മക്കെഴുതിയ പരാതിയാണ് പുറത്ത് വന്നത്. മുന്‍ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാറും മുന്‍ സംസ്ഥാന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും തന്നെ പീഡിപ്പിച്ചതായി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യം പരാതിയില്‍ ഉറച്ച് നിന്ന പെണ്‍കുട്ടി പിന്നീട് മൊഴി തിരുത്തുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് അഡ്വ.പി.വി. വിജയമ്മ പറഞ്ഞു.
പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പ്പെട്ട് ലഹരിക്കടിമയായ പെണ്‍കുട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് അഡ്വ വിജയമ്മക്ക് പരാതി അയച്ചത്. പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ധ്യാന കേന്ദ്രത്തില്‍വെച്ച് കണ്ടെടുക്കുകയായിരുന്നു.
” 1996 മുതല്‍ രണ്ട് വര്‍ഷത്തോളം 138 ആളുകള്‍ തന്നെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ മുന്‍ സംസ്ഥാന മന്ത്രി കുഞ്ഞാലിക്കുട്ടി മുതലായവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവം പോലീസിലും കോടതിയിലും വ്യക്തമായ തെളിവുകളോടെ ബോധിപ്പിച്ചുവെങ്കില്‍ കൂടി ഇതുവരെ കേസിന്റെ കുറ്റക്കാരെ പോലീസ് രക്ഷപ്പെടാന്‍ അനുവദിക്കുന്നതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രതികള്‍ക്കെതിരെ സത്വരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. എന്നെ ബലാത്സംഗം ചെയ്യാന്‍ വേണ്ടി വിറ്റ തുരുത്തേല്‍ എല്‍സി(ഏലിയാമ്മ) കേസിലെ പ്രധാന പ്രതിയാണ്. അവരുടെ പ്രേരണയില്‍ എന്റെ അയല്‍ക്കാര്‍ മുഴുവനും ഞങ്ങളെ ഒറ്റപ്പെടുത്തിയിരിക്കയാണ്. 16-10-2000 തീയ്യതി വൈകുന്നേരം ആറു മണിയോടുകൂടി സ്ഥലത്തെ ഗുണ്ടയായ മണിയും കൂട്ടരും എന്നെ ഭീഷണിപ്പെടുത്തി.
എനിക്ക് ഏത് നിമിഷവും ജീവാപയം ഉണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്കും സൂര്യനെല്ലി പെണ്‍കുട്ടിക്കുമുണ്ടായ അനുഭവം ഇനി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഞങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകും. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ ഉറച്ച് നില്‍ക്കുന്നത്. എന്റെ കുടുംബത്തെയും എന്നെയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു”.
എന്ന്
……………
കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ
(പെണ്‍കുട്ടിയുടെ പേര് പറയുന്ന ഭാഗം ഞങ്ങള്‍ മനപ്പൂര്‍വ്വം വിട്ട് കളയുകയാണ്. കത്തില്‍ പെണ്‍കുട്ടിയുടെ പേരും അഡ്രസും വ്യക്തമായി പറയുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ക്ക് പുറത്ത് വിടുന്നത് മാധ്യമ ധാര്‍മ്മികതക്ക് നിരക്കാത്തതായതിനാല്‍ ഞങ്ങള്‍ ആ ഭാഗം മറച്ചിരിക്കയാണ്.)