| Tuesday, 29th August 2023, 11:35 am

കോട്ട കോച്ചിങ് സ്ഥാപനത്തിലെ ആത്മഹത്യ; വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറക്കുന്നതിന് നിര്‍ദേശങ്ങളുമായി സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കോട്ട കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറക്കുന്നതിനായി സിലബസ് വെട്ടിക്കുറക്കാന്‍ പരീക്ഷ നടത്തിപ്പ് സ്ഥാപനങ്ങളോട് നിര്‍ദേശം നല്‍കി സമിതി. രാജസ്ഥാനിലെ കോട്ടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ നിര്‍ദേശിക്കുന്നതിനായി ഈ മാസമാണ് സമിതി രൂപീകരിച്ചത്. സ്ഥാപനങ്ങളോട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മോട്ടിവേഷണല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും പഠനത്തിനിടയില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ആത്മഹത്യകള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമിതി അധ്യക്ഷനായ ഭവാനി സിങ് ദെത്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഞായറാഴ്ച മെഡിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമിതി യോഗം ചേര്‍ന്നത്. കോട്ട കളക്ടര്‍ ഓം പ്രകാശ് ഭങ്കര്‍, കോച്ചിങ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഹോസ്റ്റര്‍ അസോസിയേഷന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസമായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ദത്തെയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിച്ചത്. കോട്ട സന്ദര്‍ശിച്ച് 15 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

ക്ലാസ് കഴിഞ്ഞതിന് ശേഷം കോച്ചിങ് സ്ഥാപനകള്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ബങ്കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ബന്ധമായും മോട്ടിവേഷണല്‍ വീഡിയോസ് അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറക്കുന്നതിനായി സിലബസ് വെട്ടിക്കുറക്കുന്നതിന് നിര്‍ദേശിക്കുന്നതിനായി വിഷയ വിദഗ്ധരുടെ ഒരു സമിതി എല്ലാ സ്ഥാപനത്തിലും രൂപീകരിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി എല്ലാ ദിവസവും ഗൂഗിള്‍ ഫോമിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവരോട് ആവശ്യപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു. പരീക്ഷകള്‍ നന്നായി എഴുതാത്തവരെയും പരീക്ഷകളും ക്ലാസുകളും ഒഴിവാക്കുന്നവരെയും കണ്ടെത്തി കൗണ്‍സലിങ് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിവാര പരീക്ഷ എഴുതിയതിന് ശേഷം ഞായറാഴ്ചയായിരുന്നു രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. മിക്ക സ്ഥാപനങ്ങളും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് മനശാസ്ത്രജ്ഞന്‍ വിനായക് പഥക് പറഞ്ഞു. വിദ്യാര്‍ത്ഥികളെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ വേര്‍തിരിച്ചുകാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വര്‍ഷം കോട്ടയില്‍ 23 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2015ന് ശേഷം ഏറ്റവും കൂടുതല്‍ മരണം ഈ വര്‍ഷമാണ് നടന്നത്. 23ല്‍ പേരില്‍ ആറ് പേര്‍ ഓഗസ്റ്റിലാണ് മരിച്ചത്. തുടര്‍ന്ന് രണ്ട് മാസത്തേക്ക് പരീക്ഷകള്‍ നടത്തരുതെന്ന് ഭരണകൂടം ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസം കോച്ചിങ് സ്ഥാപനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിങ് ഖചരിയവാസ് രംഗത്തെത്തിയിരുന്നു. കോച്ചിങ് സ്ഥാപനങ്ങള്‍ പണം മാത്രമാണ് നോക്കുന്നതെന്നും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Kota suicide; Panel directed test preparation institutes to conduct fun activities to de-stress students

We use cookies to give you the best possible experience. Learn more