കോട്ട: രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 100 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം പാലിക്കുന്നതിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ വിഷയത്തില്‍ താത്പര്യമില്ലെന്നും പ്രിയങ്ക ഇതില്‍ മൗനം പാലിക്കുന്നതു ദുഃഖകരമാണെന്നും മായാവതിയുടെ ട്വീറ്റില്‍ പറയുന്നു.
‘കോട്ട ആശുപത്രിയിലെ 100 കുട്ടികളുടെ മരണത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മൗനം പാലിക്കുന്നതു വളരെ ദുഃഖകരമാണ്. ഉത്തര്‍പ്രദേശായിരുന്നെങ്കില്‍ ഇതു കുറച്ചുകൂടി നന്നായേനെ. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമില്ലായ്മ കണക്കിലെടുത്തെങ്കിലും അവര്‍ മരിച്ച കുട്ടികളുടെ അമ്മമാരെ കാണണമായിരുന്നു.
അങ്ങനെയുണ്ടായില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ ഇരകളുടെ അടുത്തേക്ക് അവര്‍ പോകുന്നതു രാഷ്ട്രീയ അവസരവാദമായിട്ടേ കാണൂ.
രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ സമീപം തീരെ ശരിയല്ല. അവരിപ്പോഴും ഉത്തരവാദിത്വമില്ലാതെയും സഹതാപമില്ലാതെയുമാണു പെരുമാറുന്നത്,’ മായാവതി ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 14 മാസം പ്രായമായ കുട്ടിയുടെ വിഷയം പ്രിയങ്ക ഉയര്‍ത്തിയതും മറ്റൊരു ട്വീറ്റില്‍ മായാവതി ചൂണ്ടിക്കാട്ടി.
കുട്ടികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയേറെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. ഡിസംബര്‍ 23, 24 തിയതികളിലായി പത്ത് കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ സംഭവം അന്വേഷിക്കുന്നതിന് വേണ്ടി കമ്മിറ്റി രൂപീകരിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചകളും സംഭവിച്ചിട്ടെല്ലെന്നുള്ള റിപ്പോര്‍ട്ട് വന്ന് ഒരു ദിവസത്തിനുള്ളിലാണ് ഒന്‍പത് കുഞ്ഞുങ്ങള്‍ കൂടി മരണപ്പെട്ട വാര്‍ത്ത പുറത്തു വന്നത്.