പോര്‍ട്ടോ അലിഗ്രെ: ദക്ഷിണകൊറിയക്കെതിരിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ അള്‍ജീരിയ ഗ്രൂപ്പ് എച്ചില്‍ നിന്ന് ലോകക്കപ്പ് പ്രീക്വാര്‍ട്ടറില്‍ കടക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ആഫ്രിക്കന്‍ രാജ്യത്തിന്റെ ജയം. ഇസ്‌ലാം സ്ലിമാനി (26), റഫീഖ് ഹലിചെ (28), അബ്ദുള്‍മൊയ്തീന്‍ ദെജാബൊ (38), യാസിന്‍ ബ്രഹിം (62) എന്നിവരാണ് അള്‍ജീരിയക്കായി വലചലിപ്പിച്ചത്.
ഹ്യൂംഗ് മിന്‍ സണ്‍ (50), കൂ ജാകോള്‍ (72) എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു കൊറിയയുടെ ആശ്വാസഗോളുകള്‍. 32 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷണാണ് അള്‍ജീരിയ ഒരു ലോകക്കപ്പ് മത്സരത്തില്‍ ജയിക്കുന്നത്. ഇതിന് മുമ്പ് 1982 ലായിരുന്നു അള്‍ജീരിയ ലോകക്കപ്പില്‍ ഒരു മത്സരത്തില്‍ ജയിച്ച് കയറിയത്. മിന്നും ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ 6 പോയന്റുമായി മുന്നിലുള്ള ബല്‍ജിയത്തിന് പിന്നില്‍ 3 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി അവര്‍.
ആദ്യ മത്സരത്തില്‍ ബല്‍ജിയത്തിനോട് പൊരുതി തോറ്റ അള്‍ജീരിയയുടെ ശക്തമായ തിരിച്ച് വരവിനാണ് പോര്‍ട്ടോ അലാഗ്രോ സാക്ഷ്യം വഹിച്ചത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ മികച്ചു നില്‍ക്കാന്‍ അള്‍ജീരിയന്‍ താരങ്ങള്‍ക്കായി. ടീമെന്ന നിലയില്‍ കൊറിയയെക്കാളും മികച്ച ഒത്തിണക്കം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ അള്‍ജീരിയയുടെ വഴിക്കായി.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോള്‍ കൊറിയന്‍ വലയില്‍ നിക്ഷേപിക്കാന്‍ ആഫ്രിക്കക്കാര്‍ക്കായി. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് കൊറിയ തിരിച്ചുവരവിനായി ശ്രമം നടത്തിയെങ്കിലും യാസിന്‍ ബ്രഹിമിന്റെ ഗോളിലൂടെ അള്‍ജീരിയ മേധാവ്ത്വം അരക്കിട്ടുറപ്പിച്ചു. ഇരുപത്തിയാറാം മിനിറ്റില്‍ ഇസ്ലാം സ്ലിമാനിയിലൂടെയാണ് അള്‍ജീരിയ അക്കൗണ്ട് തുറക്കുന്നത്.
മെദ്ജാനി കൊടുത്ത ലോങ് പാസില്‍ നിന്നായിരുന്നു ഗോള്‍. പാസ് കാലില്‍ സ്വീകരിച്ച് ,രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് ഉതിര്‍ത്ത് വോളി അഡ്വാന്‍സ് ചെയ്ത കൊറിയന്‍ ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ നെറ്റില്‍. രണ്ടു മിനിറ്റിനുള്ളില്‍ പ്രതിരോധഭടന്‍ റഫീക്ക് ഹല്ലിചെയിലൂട വക അവര്‍ ലീഡുയര്‍ത്തി. അള്‍ജീരിയക്കനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ തലവച്ച ഹല്ലിചെനിക്ക് പിഴച്ചില്ല.
ഒന്നാം പകുതി അവസാനിക്കാന്‍ എഴ് മിറ്റ് ശേഷിക്കെ അള്‍ജീരിയയുടെ മൂന്നാം ഗോളും പിറന്നു. രണ്ട് കൊറിയന്‍ ഡിഫന്‍ഡര്‍മാരെ സമര്‍ഥമായ കബളിപ്പിച്ച് സ്ലിമാനി പന്ത് പോസ്റ്റിന് മുന്നിലേയ്ക്ക് നല്‍കി. അവിടെ കാത്തുനിന്നിരുന്ന അബ്ദുള്‍മൊയ്തീന്‍ ദെജാവബുവിന്റെ ഇടം കാലന്‍ ഷോട്ട് കൊറിയന്‍ ഗോളി യുങ്ങിനെ കീഴ്‌പ്പെടുത്തി വലയില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തീര്‍ത്തും വിഭിന്നമായ കൊറിയന്‍ ടീമിനെയാണ് കളത്തില്‍ കണ്ടത്. കൂടുതല്‍ ഉണര്‍വ്വ് പ്രകടിപ്പിച്ച കൊറിയ അമ്പതാം മിനിറ്റില്‍ ഹ്യൂങ് മിന്‍ സണിലൂടെ ഒരു ഗോള്‍ മടക്കി. ഗോളിനായി പക്ഷേ കൊറിയ കൂടുതല്‍ ആക്രമണത്തിന് മുതിരുന്നതിനിടെയാണ് അള്‍ജീരിയയുടെ നാലാം ഗോള്‍ പിറക്കുന്നത്. സ്ലിമാനി- ബ്രഹിമി കൂട്ടുകെട്ടിന്റെ മനോഹരമായ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍ പിറന്നത്.
കൊറിയന്‍ ബോക്‌സിന് തൊട്ട് മുന്നില്‍ നിന്ന് ബ്രഹിമി എടുത്ത കിക്ക് ഗോള്‍ കീപ്പറെ നിസ്സഹായനാക്കി വലയില്‍ പതിക്കുകയായിരുന്നു. എഴുപത്തി രണ്ടാം മിനിറ്റില്‍ കു ജാ ചിയോളിയിലൂടെ കൊറിയ ഒരു ഗോള്‍ തിരിച്ചടിച്ച് തോല്‍വിയുടെ ഭാരം കുറച്ചു. അടുത്ത മത്സരത്തില്‍ ശക്തരായ ബെല്‍ജിയമാണ് അള്‍ജീരിയയുടെ എതിരാളികള്‍.