സിഡ്നി: കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ആസ്‌ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി മുന്‍ പ്രസിഡന്റ് ബാലേഷ് ധന്‍കര്‍ കുറ്റക്കാരന്‍. അഞ്ച് കൊറിയന്‍ സ്ത്രീകളെ പീഡിപ്പിച്ച ഇയാളെ സിഡ്നി ഡൗണിങ് സെന്റര്‍ ജില്ലാ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
സിഡ്നിയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യമാണ് ബാലേഷിനെതിരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ‘ദി സിഡ്നി മോണിങ് ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു.
വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്താണ് ലൈംഗികമായി പീഡിപ്പിച്ചെന്ന അഞ്ച് കൊറിയന്‍ യുവതികളുടെ പരാതികള്‍ക്ക് പിന്നാലെയാണ് ബാലേഷിനെതിരെ ആസ്ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
കട്ടിലിനരികിലും അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.
2018 ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ നടന്ന 39 കുറ്റങ്ങളാണ് ബാലേഷിനെതിരെ ചുമത്തിയിരിക്കുന്നത്. 13 ലൈംഗിക പീഡന കേസുകള്‍, സമ്മതമില്ലാതെ നഗ്ന വീഡിയോ പകര്‍ത്തിയ 17 കേസുകള്‍, ആറ് മയക്ക് മരുന്ന് കേസ്, മൂന്ന് ശാരീരികോപദ്രവം എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കേസുകള്‍.
മെയ് മാസത്തിലായിരിക്കും കോടതി ബാലേഷിനെതിരെ ശിക്ഷ വിധിക്കുക.
ബാലേഷിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിസ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
2017ല്‍ കൊറിയന്‍ വിവര്‍ത്തകര്‍ക്കായി ഒരു വ്യാജ ജോലി പരസ്യം ബാലേഷ് നല്‍കിയിരുന്നു. തുടര്‍ന്ന് അഭിമുഖം നടത്തണമെന്ന വ്യാജേന സ്ത്രീകളെ ഹില്‍ടണ്‍ ഹോട്ടല്‍ കഫേയില്‍ രാത്രി ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു.
പിന്നീട് മയക്കുമരുന്നോ, ലഹരിവസ്തുക്കളോ കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കി ബോധരഹിതരാക്കിയ സ്ത്രീകളെ തൊട്ടടുത്തുള്ള ബാലേഷിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടു പോയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
ഒ.എഫ്.ഒ. ബി.ജെ.പി സ്ഥാപക നേതാവായ ബാലേഷ് ഹിന്ദു കൗണ്‍സില്‍ ഓഫ് ആസ്‌ട്രേലിയ മുന്‍ നേതാവുകൂടിയാണ്. 2014ല്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ട്രേലിയന്‍ സന്ദര്‍ശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിന്‍സില്‍ ഡാറ്റ വിഷ്വലൈസേഷന്‍ കണ്‍സള്‍ട്ടന്റാണ് ഇയാള്‍. എ.ബി.സി, ഫൈസര്‍ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
content highlight: Korean women were drugged and abused; Australian BJP leader Balesh Dhankar is guilty