സിയോൾ: ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി നിരോധിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ 20 ലക്ഷം പട്ടികളെ തെരുവിൽ തുറന്നു വിടുമെന്ന ഭീഷണിയുമായി മാംസത്തിനായി പട്ടികളെ വളർത്തുന്ന കർഷകർ.
പാർലമെന്റിൽ പട്ടിയിറച്ചി നിരോധിക്കുന്ന ബിൽ പാസാക്കി നിയമം നടപ്പാക്കാനൊരുങ്ങുകയാണ് ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി.
അതേസമയം ഈ വർഷം നിരോധനം നടപ്പാക്കരുത് എന്ന ആവശ്യവുമായി പട്ടികളെ വളർത്തുന്ന കർഷകരും പട്ടിയിറച്ചി വിളമ്പുന്ന ഹോട്ടൽ ഉടമകളും പാർലമെന്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
പട്ടിയിറച്ചി നിരോധനമെന്ന ആശയം ഭ്രാന്തമാണെന്ന് കൊറിയൻ പട്ടിയിറച്ചി കർഷക അസോസിയേഷൻ അധ്യക്ഷനായ ജൂ യൂങ് ബോങ് പറഞ്ഞു. 20 ലക്ഷം പട്ടികളെ സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്തും നിയമം നടപ്പാക്കുന്ന എം.പിമാരുടെ വീടുകളിലും തുറന്നുവിടാൻ സംഘടന ആലോചിക്കുന്നതായും ജൂ യൂങ് പറഞ്ഞു.
ജൂലൈയിൽ സംഘടനയിലെ 200 അംഗങ്ങൾ മൃഗാവകാശ പ്രവർത്തകർക്കെതിരെ ക്യാമ്പയിൻ നടത്തുകയും പരസ്യമായി പട്ടിയിറച്ചി കഴിക്കുകയും ചെയ്തിരുന്നു. പട്ടിയിറച്ചി കഴിക്കുന്നത് ലംഘിക്കാനാകാത്ത അവകാശമാണെന്നും അത് നിരോധിക്കുന്നത് ഒരുതരം വിവേചനം ആണെന്നും ജൂ യൂങ് പറഞ്ഞു.
നിയമവിരുദ്ധമായി പട്ടിയിറച്ചി വിൽക്കുന്നത് അവസാനിപ്പിക്കും എന്നും മനുഷ്യരും മൃഗങ്ങളും സഹവർത്തിത്തത്തോടെ കഴിയണമെന്നും ദക്ഷിണകൊറിയയിലെ പ്രഥമ വനിത കിം ഹിയോൻ ഹി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
പട്ടിയിറച്ചി വിൽക്കുന്നത് 5 വർഷം വരെ തടവും 50 മില്യൺ വോൺ (38,000 യു.എസ് ഡോളർ) പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാക്കുവാനാണ് ഭരണകക്ഷി ഉദ്ദേശിക്കുന്നത്.
സർക്കാർ അംഗീകരിച്ചാൽ നിയമം 2027ൽ നടപ്പിലാകും. നിരോധനത്തെ തുടർന്ന് നഷ്ടം സംഭവിക്കുന്ന കച്ചവടക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഭരണകക്ഷി അറിയിച്ചിരുന്നു.
സെപ്റ്റംബറിൽ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ചുമതലപ്പെടുത്തിയ നീൽസൺ കൊറിയ കമ്മീഷന്റെ പഠനത്തിൽ കൊറിയയിലെ 86 ശതമാനം ആളുകൾക്കും പട്ടിയിറച്ചി കഴിക്കാൻ താല്പര്യം ഇല്ലെന്നും നിരോധനത്തെ പിന്തുണയ്ക്കുന്നു എന്നും കണ്ടെത്തിയിരുന്നു.
ക്രൂരതയും വൃത്തിഹീനവുമായി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ പാർട്ടികളും പട്ടിക ഇറച്ചി നിരോധനത്തെ പിന്തുണയ്ക്കുന്നുവെന്നാണ് മൃഗാവകാശ പ്രവർത്തകർ പറയുന്നത്.
Content Highlight: Korean dog farmers threaten to release 2 million hounds