| Monday, 26th April 2021, 11:21 am

ആദ്യ ഹോളിവുഡ് ചിത്രത്തിന് ഓസ്‌കാര്‍, പുരസ്‌കാരം നേടുന്ന ആദ്യ കൊറിയക്കാരി; 73ാം വയസ്സില്‍ ചരിത്രം സൃഷ്ടിച്ച് യൂ ജുങ്ങ് യൂണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൊസാഞ്ചലസ്: 93ാം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച് കൊറിയന്‍ അഭിനേത്രി യൂ ജുങ്ങ് യൂണ്‍. 73കാരിയായ യൂ ജൂങ്ങ് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടി ഓസ്‌കാര്‍ സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ അഭിനേതാവായി മാറിയിരിക്കുകയാണ്.

ലീ ഐസക് ചുങ്ങ് സംവിധാനം ചെയ്ത മിനാരി എന്ന ചിത്രത്തിലെ മുത്തശ്ശിയുടെ റോളിനാണ് യൂ ജുങ്ങ് യൂണ്‍ പുര്‌സകാരം കരസ്ഥമാക്കിയത്. കൊറിയന്‍ സിനിമകളിലെ നിറസാന്നിധ്യമായ യൂ ജുങ്ങ് ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് മിനാരി.

ഓസ്‌കാര്‍ പുരസ്‌കാരത്തിന് മുന്‍പ്, ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ്, ഗില്‍ഡ് അവാര്‍ഡ് തുടങ്ങിയവയും മിനാരിയിലെ പ്രകടനത്തിന് യൂ ജുങ്ങ് സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാരങ്ങള്‍ നേടുന്ന കൊറിയന്‍ വംശജയായ അഭിനേതാവും യൂ ജുങ്ങ് യൂണാണ്.

കരിയറില്‍ ഏറ്റവും മികച്ചു നിന്നിരുന്ന സമയത്താണ് 1974ല്‍ വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും യൂ ജുങ്ങ് പിന്മാറുന്നത്. പത്ത് വര്‍ഷത്തിന് ശേഷം വിവാഹമോചനം നേടിയ യൂ ജുങ്ങ്, സിനിമയിലേക്ക് തിരിച്ചെത്തി. മടങ്ങിവരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നടി വീണ്ടും ശ്രദ്ധ നേടി.

ഫയര്‍ വുമണ്‍, ഇന്‍സെക്റ്റ് വുമണ്‍, ദ ബാച്ചസ് ലേഡി, എ ഗുഡ് ലോയേഴ്‌സ് വൈഫ്, ദ ഹൗസ്‌മെയ്ഡ് തുടങ്ങിയവയാണ് യൂ ജുങ്ങിന്റെ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍.

മിനാരി സിനിമയിലെ രംഗം

73ാം വയസ്സില്‍ ആദ്യ ഹോളിവുഡ് അവസരം തേടി വന്നപ്പോള്‍ ഒരല്‍പം പോലും സംശയിക്കാതെ യൂ ജുങ്ങ് അമേരിക്കയിലെത്തി. മിനാരിയിലെ മുത്തശ്ശിയായി പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി.

യൂ ജുങ്ങിന്റെ സിനിമയോടുള്ള അഭിനിവേശവും ചുറുചുറുക്കും വെളിവാക്കുന്നകതായിരുന്നു ഓസ്‌കാര്‍ വേദിയിലെ പ്രസംഗം. പ്രേക്ഷകരെ ഏറ്റവും പൊട്ടിച്ചിരിപ്പിച്ച പ്രസംഗങ്ങളിലൊന്നായിരുന്നു ഇത്. അവാര്‍ഡ് സമ്മാനിച്ച ബോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനോട് നിങ്ങളെ ഇപ്പോഴെങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് യൂ ജുങ്ങ് യൂണ്‍ പറഞ്ഞു.

മിനാരിയുടെ അണിയറ പ്രവര്‍ത്തകര്‍കരോടെല്ലാം നന്ദിയറിയിച്ച യൂ ജുങ്ങ് യൂണ്‍, തന്റെ പേര് പറയാന്‍ വിദേശികള്‍ കഷ്ടപ്പെടുന്നതിനെ കുറിച്ചും പല രീതിയില്‍ ഉച്ചരിക്കുന്നതിന കുറിച്ചും ചില തമാശകള്‍ കൂടി പറഞ്ഞുകൊണ്ടാണ് വേദി വിട്ടത്.

സിനിമയ്ക്കും സിനിമാ സ്വപ്നം കാണുന്ന ഓരോ സ്ത്രീകള്‍ക്കും വലിയ പ്രചോദനമാണ് യൂ ജുങ്ങ് യൂണ്‍ എന്നാണ് നിരവധി പേര്‍ നടിയുടെ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Korean actress Yuh Jung Youn wins Oscar for Best Supporting Actress, creates history

We use cookies to give you the best possible experience. Learn more