| Monday, 5th December 2022, 5:03 pm

കൊറിയൻ പോരാളികളെ അടിച്ചൊതുക്കുമോ സാംബാ നർത്തകർ? നെയ്മറുടെ തോളിലേറി ബ്രസീൽ പ്രീ ക്വാർട്ടർ മത്സരത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ തീ പാറവെ ചൊവ്വാഴ്ചയാണ് കാനറി പട പോരിനിറങ്ങുന്നത്. ദക്ഷിണ കൊറിയയാണ് എതിരാളികൾ.ഗ്രൂപ്പ്‌ എച്ചിൽ നിന്നും ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയും സ്വന്തമാക്കി നാല് പോയിന്റുകളോടെ പൊരുതി നേടി തന്നെയാണ് കൊറിയൻ സംഘം പ്രീ ക്വാർട്ടർ ടിക്കറ്റ് ഉറപ്പാക്കിയത്.

ഉറുഗ്വേ ക്കെതിരെ ആദ്യ മത്സരം സമനിലയിൽ എത്തിക്കാൻ സാധിച്ച കൊറിയക്ക് രണ്ടാം മത്സരം ഘാനയോട് പരാജയപ്പെടേണ്ടി വന്നു. എങ്കിലും രണ്ട് ഗോളിന് പിന്നിൽ നിന്ന അവസ്ഥയിൽ നിന്നും സമനിലയിൽ കളി അവസാനിക്കും എന്ന തരത്തിൽ കളിയുടെ ഗതി മാറ്റാൻ അവർക്കായിരുന്നു.

മൂന്നാം മത്സരത്തിൽ റൊണാൾഡോയുടെ പോർച്ചുഗലിനെ കീഴടക്കിയാണ് കൊറിയൻ ടീം റൗണ്ട് ഓഫ് സിക്സ്റ്റീനിലേക്ക് കടന്നത്.


ടീം ഗെയിം കളിക്കാൻ സാധിക്കുന്നു എന്നതാണ് കൊറിയൻ ടീമിന്റെ വലിയ നേട്ടം, ഏതെങ്കിലുമൊരു ഘട്ടത്തിൽ മത്സരത്തിൽ പിന്നിലായിപ്പോയാലും പതിയെ മത്സരത്തിലേക്ക് തിരികെ വരാൻ അവർക്ക് സാധിക്കുന്നുണ്ട്.

ടോട്ടൻഹാം ഹോട്സ്പറിന്റെ മുന്നേറ്റ നിര താരമായ സൺ-ഹ്യുങ്-മിന്നിന്റെ ചിറകിൽ ഏറി ലോകകപ്പിന് എത്തിയ സംഘത്തിനായി സണ്ണിന് ഇതുവരെ ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ലെങ്കിലും. മുന്നേറ്റത്തിൽ കളി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്.

മറുവശത്ത് ഗ്രൂപ്പ്‌ ജി ചാമ്പ്യൻമാരായാണ് ബ്രസീൽ പ്രീ ക്വാർട്ടർ മത്സരത്തിന് എത്തുന്നത്. സ്വിറ്റ്സർലൻഡിനെതിരെയും സെർബിയക്കെതിരെയും ആധികാരികമായ വിജയം സ്വന്തമാക്കാൻ സാധിച്ച കാനറികൾക്ക് പക്ഷെ അവസാന മത്സരത്തിൽ കാമാറൂണിനോട് പരാജയം ഏൽക്കേണ്ടി വന്നു.

സൃഷ്ടിച്ചെടുക്കുന്ന അവസരങ്ങളൊന്നും ഗോളാക്കി മാറ്റാൻ സാധിക്കുന്നില്ല എന്നതാണ് ബ്രസീൽ നേരിടുന്ന വലിയ പ്രശ്നം. പേരുകേട്ട മുന്നേറ്റ നിര താരങ്ങൾ ഉണ്ടായിട്ടും ഫിനിഷിങ്ങിൽ എത്തുമ്പോൾ സംഭവിക്കുന്ന അങ്കലാപ്പ് മാറ്റിയെടുത്താൽ ബ്രസീലിന് ഈ ലോകകപ്പിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല.

പരിക്ക് ഭേദമായി തിരിച്ചെത്തിയ നെയ്മർ ഇന്ന് സ്‌ക്വാഡിലുണ്ടാകും എന്ന് കോച്ച് ടിറ്റെ പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്മർ മുന്നേറ്റത്തിൽ കളി മെനഞ്ഞു ഫോർവേഡായി ഇറങ്ങാൻ സാധ്യതയുള്ള റിച്ചാർലിസണിന് കൃത്യമായി പന്ത് എത്തിച്ച് നൽകിയാൽ ബ്രസീലിന് നന്നായി സ്കോർ ചെയ്യാനാവും.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗബ്രിയേൽ ജിസ്യുസ്,അലക്സ്‌ ടെല്ലസ് എന്നിവർ പരിക്കേറ്റ് പുറത്തുപോയതിന്റെ നിരാശ മറികടക്കാൻ പരിക്ക് ഭേദമായി തിരിച്ചെത്തിയ നെയ്മർ,ഡാനിലോ എന്നിവരുടെ തിരിച്ചു വരവ് കൊണ്ടാകും എന്നാണ് ആരാധക പ്രതീക്ഷ.

തിരിച്ചെത്തിയ നെയ്മർക്ക് രണ്ട് ഗോളുകൾ കൂടി നേടാനായാൽ 77 ഗോൾ നേടി ഇതിഹാസ താരം പെലെയുടെ റെക്കോർഡ്‌ മറികടക്കാൻ സാധിക്കും.

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12:30 ന് സ്റ്റേഡിയം 974- റാസ് അബു അബൗദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

Content Highlights:Korea v/s brazil pre quarter match analyse malayalam

We use cookies to give you the best possible experience. Learn more