കണ്ണൂര്‍: കേരളത്തിന്റെ അധീനതയിലുള്ള മാക്കൂട്ടത്തെ റവന്യൂ പുറമ്പോക്ക് ഭൂമി കൈക്കലാക്കാന്‍ കര്‍ണാടക വനംവകുപ്പിന്റെ ശ്രമം. ഭൂമിക്കും മരങ്ങള്‍ക്കും പുറമെ മണലും കൊണ്ടു പോകാന്‍ ഒരുങ്ങുകയാണ് കര്‍ണാടക വനംവകുപ്പ്.
പുഴ അതിര്‍ത്തിയാണെന്നവകാശപ്പെട്ട് പൂര്‍ണമായും കേരളത്തിന്റെ അധീനതയിലുള്ള പ്രദേശത്തുകൂടി ഒഴുകുന്ന കൂട്ടുപുഴ, ബാരാപോള്‍ തുടങ്ങിയ തീരങ്ങളില്‍ അടിയുന്ന കോടിക്കണക്കിന് ടണ്‍ മണല്‍ കൈക്കലാക്കാനാണ് കര്‍ണാടക വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിച്ച് പണിയുന്ന പാലത്തിന്റെ പണി പരിസ്ഥിതിലോല പ്രദേശത്തെ ബാധിക്കുന്നതാണെന്ന് അവകാശപ്പെട്ട് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.
തലശ്ശേരിയ്ക്കും വളവുപാറയ്ക്കും ഇടയിലുള്ള റോഡ് നിര്‍മാണം നിലവില്‍ പകുതിയിലേറെ പൂര്‍ത്തിയായ നിലയിലാണ്. എന്നാല്‍ മുഴുവന്‍ പണി പൂര്‍ത്തിയാക്കുന്നതിനായി അതിനോട് ചേര്‍ന്ന പാലത്തിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പാലത്തിന്റെ പകുതി ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് കര്‍ണാടക വനം വകുപ്പ് പാലത്തിന്റെ പണി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നാലെ മന്ത്രി തലത്തിലും ഫോറസ്റ്റ്- ചീഫ് സെക്രട്ടറി തലത്തിലും നിരന്തരം ഇടപെടലുകള്‍ നടത്തിയെങ്കിലും അവര്‍ പാലം പണിയുന്നതിനുള്ള തടസ്സം നീക്കാന്‍ തയ്യാറായിരുന്നില്ല.
കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും അതിര്‍ത്തി പ്രദേശമായ ബാരാപോള്‍ പുഴയും റോഡും നിര്‍മിച്ചതും അതിനെ അതിര്‍ത്തിയായി കണക്കാക്കിയതും ബ്രിട്ടീഷുകാരുടെ കാലത്താണ്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന ഘട്ടത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി നിര്‍ണയം നടത്തിയിട്ടുള്ളത്. അങ്ങനെ അതിര്‍ത്തി നിര്‍ണയം നടത്തിയ സമയത്ത് ബ്രിട്ടീഷുകാര്‍ പണിത തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയായിരുന്നു കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയായി കണക്കാക്കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കര്‍ണാടക വനം വകുപ്പ് ഇപ്പോള്‍ ഇത് ലംഘിച്ചിരിക്കുകയാണെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘1956ല്‍ അംഗീകരിച്ച ഈ അതിര്‍ത്തി കര്‍ണാടക വനം വകുപ്പ് ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. റോഡ് അതിര്‍ത്തിയായി കാണാന്‍ പറ്റില്ലെന്നും റോഡിന് താഴെയുള്ള സ്ഥലവും അതിനോട് ചേര്‍ന്ന പുഴയും അതിര്‍ത്തിയായി പരിഗണിക്കണമെന്ന് പറഞ്ഞുകൊണ്ട് പുഴയോട് ചേര്‍ന്ന് കേരളത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലം കര്‍ണാടകയുടെതാണെന്ന വാദഗതി ഉന്നയിക്കുകയാണിപ്പോഴവര്‍’ എന്‍. അശോകന്‍ പറഞ്ഞു.
ഇതിനെതിരായി കേരള സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഏതെങ്കിലും തരത്തില്‍ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെങ്കില്‍ അത് സംയുക്തമായി പരിശോധന നടത്തി തീരുമാനിക്കാമെന്നിരിക്കേ പാലം പണി തടസ്സപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ലയെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം കൂടി നടപ്പിലായതില്‍ പിന്നെ പാലം എന്നത് കേരളക്കാര്‍ക്ക് വേണ്ടി മാത്രമല്ല, കര്‍ണാടക, വയിലാഴിപേട്ട മേഖലയിലേക്കുള്ള കര്‍ഷകര്‍ക്കുള്ള കുരുമുളക്, കാപ്പി തുടങ്ങിയവ കയറ്റി അയക്കുന്നതിനും മറ്റുമായി കര്‍ണാടകക്കാര്‍ക്കും കേരളത്തിലേക്കുള്ള വരവ് പ്രധാനപ്പെട്ടതാണൈന്നും അശോകന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിന്റെ ഭാഗമായിരുന്ന ഭൂപ്രദേശം തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണ് യഥാര്‍ത്ഥത്തില്‍ കര്‍ണാടക അധികാരികള്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം.
ബാരാപ്പുഴയിലാണ് ബാരാപോള്‍ ജലവൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമായത്. ബാരാപോള്‍ വൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമാവുന്ന ഘട്ടത്തില്‍ തന്നെ ഈ പുഴയുടെ മേല്‍ തങ്ങള്‍ക്കും അവകശമുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
‘ഇരു സംസ്ഥാനങ്ങളിലേയും സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ഈ അതിര്‍ത്തി തര്‍ക്കം പറഞ്ഞു കൊണ്ട് കര്‍ണാടക വനം വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് വര്‍ഷങ്ങളായിട്ട് കേരളത്തിന്റെ ഭാഗമായി താമസിക്കുന്ന കുടുംബങ്ങള്‍ അവരുടെ റേഷന്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും ഒക്കെ പായം പഞ്ചായത്തിലാണ്. അവരുടെ ആധാര്‍ കാര്‍ഡ് കേരളമാണ്. അവരുടെ വീട്ടിലേക്ക് വൈദ്യുതി നല്‍കിയിരിക്കുന്നത് കേരള ഇലക്ട്രിസിറ്റി ബോര്‍ഡാണ്. ഇത്തരത്തില്‍ കാലങ്ങളായിട്ട് ഇവിടുത്തെ അവരുടെ സ്വന്തം ഭൂമിയില്‍ നട്ടു വളര്‍ത്തിയ ഒരു പ്ലാവും മാവും മുറിച്ചതിന്റെ പേരില്‍ ഞങ്ങളുടെ പറമ്പില്‍ കയറി മരം മുറിച്ചു എന്ന് കാണിച്ച് രണ്ടു പേരെ അനധികൃതമായി ജയിലിലിടുന്ന സാഹചര്യം വരെയുണ്ടായി. ഈ ഘട്ടത്തിലും മുഖ്യമന്ത്രി ഉള്‍പ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടിറിയും ഇടപെടുകയും അവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അതിര്‍ത്തി തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്’ എന്‍. അശോകന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഈ ഘട്ടത്തിലാണ് പ്രദേശം പരിസ്ഥിതി ലോലമാണെന്നും അതുകൊണ്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാലം പണിയ്ക്ക് അനുമതി നല്‍കാന്‍ പാടുള്ളു വെന്നും ര്‍ണാടക ഗവണ്‍മെന്റ് പുതിയ വാദഗതി ഉന്നയിച്ചു കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് അയച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയിത്തിന്റെ അനുമതിയോടുകൂടി മാത്രമേ പാലം നിര്‍മിക്കാന്‍ സാധിക്കുകയുള്ളു. അതിന് വേണ്ടിയിട്ടുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പതിറ്റാണ്ടുകളായിട്ട് ഈ പുഴയിലെ പൂഴി ലേലം ചെയ്ത് വില്‍ക്കുന്നത് കലക്ടര്‍ മുഖേന അയ്യന്‍കുന്ന് പഞ്ചായത്തും പായം പഞ്ചായത്തുമാണ്. ആ ഘട്ടത്തിലൊന്നും കര്‍ണാടക സര്‍ക്കാര്‍ ഒരു തടസവും ഉണ്ടാക്കിയിരുന്നില്ല. ഇത്തരത്തിലൊരു പ്രശ്‌നം ആരംഭിച്ചിട്ട് നാല്-അഞ്ച് വര്‍ഷമേ ആയിട്ടുള്ളു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുഴയില്‍ അധികാരം സ്ഥാപിക്കാനും അതുവഴി ബോരാപോള്‍ പദ്ധതി അട്ടിമറിക്കാനും കേരളത്തിലെ പാവപ്പെട്ട 15ഓളം വരുന്ന കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി അവര്‍ക്ക് കയ്യേറാനുമുള്ള ഒരു വ്യഗ്രത മാത്രമേ ഇതില്‍ കാണാന്‍ സാധിക്കൂ. അതിന് പാലം ഒരു മറയാക്കുകയാണ് അവര്‍ ചെയ്യുന്നതെന്നാണ് പഞ്ചായത്തിന്റെ ആരോപണം.
എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായിട്ട് മണല്‍ എടുക്കുന്നില്ല. പ്രളയത്തിന് ശേഷം മണലെടുക്കുന്നതിന് വേണ്ടി കലക്ടറുടെ ഓഫീസിലൊക്കെ കയറിയിറങ്ങിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി പുഴയോരത്ത് ലക്ഷക്കണക്കിന് ടണ്‍ മണ്ണ് അവിടെ അടിഞ്ഞ് കൂടിയിട്ടുണ്ട്. ബാരാപോള്‍ പുഴയില്‍ നിന്നാണ് മണല്‍ വളപട്ടണം പുഴയിലേക്കും മറ്റും ഒഴുകിയെത്തുന്നത്. സംസ്ഥാന പുനഃസംഘടനയുടെ സമയത്ത് ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ കര്‍ണാടക വനംവകുപ്പ് പിഴുതുമാറ്റി പുതിയ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതും മണലുകൂടി ലക്ഷ്യം വെച്ചാണ്.