| Saturday, 16th October 2021, 3:46 pm

കൂട്ടിക്കല്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ അപകടസ്ഥലം ഒറ്റപ്പെട്ടു. കൂട്ടിക്കല്‍ ടൗണില്‍ വെള്ളം കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിനും ഫയര്‍ഫോഴ്‌സിനും ദുരന്ത നിവാരണ സംഘത്തിനും എത്തിപ്പെടാന്‍ തടസമുണ്ട്.

കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിലും വെള്ളം കയറി. നിലവില്‍ നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എട്ട് പേരെ കാണാതായി. ഇതില്‍ ആറ് പേരും ഒരു വീട്ടിലുള്ളവരാണ്.

മൂന്ന് വീടുകള്‍ ഒലിച്ചുപോയെന്നാണ് വിവരം.

ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലുണ്ടായി.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു.

പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം – അടിവാരം മേഖലയില്‍ വെള്ളം കയറി.

കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Koottikkal Plappally Landslide Kerala Heavy Rain

We use cookies to give you the best possible experience. Learn more