വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട് തോന്നി, തന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഊണുകഴിച്ചിട്ടുവരാമെന്ന് പറഞ്ഞു; കുട്ടിക്കല്‍ ദുരന്തത്തെ കുറിച്ച് അയല്‍വാസി
Kerala
വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട് തോന്നി, തന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഊണുകഴിച്ചിട്ടുവരാമെന്ന് പറഞ്ഞു; കുട്ടിക്കല്‍ ദുരന്തത്തെ കുറിച്ച് അയല്‍വാസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 10:50 am

കോട്ടയം: കുട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒറ്റലാങ്കല്‍ മാര്‍ട്ടിനേയും കുടുംബത്തേയും അപകടം നടക്കുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പ് താന്‍ പോയി കണ്ടിരുന്നെന്നും തന്റെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇവിടെ അങ്ങനെ ഒന്നും ഉണ്ടാകില്ലെന്നായിരുന്നു അവരുടെ വിശ്വാസമെന്നും അയല്‍വാസിയായ അപ്പച്ചന്‍. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുമ്പോഴും അത് കുഴപ്പമില്ലെന്നായിരുന്നു അവര്‍ കരുതിയതെന്നും അപ്പച്ചന്‍ പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപ്പച്ചന്‍ മാര്‍ട്ടിന്റെ വീട്ടിലെത്തുന്നത്. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട് തോന്നിയ ഇദ്ദേഹം മാര്‍ട്ടിനേയും കുടുംബത്തേയും തന്റെ വീട്ടിലേക്ക് വിളിച്ചു.

തത്കാലത്തേക്ക് ഇവിടെ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് മാര്‍ട്ടിനോട് പറഞ്ഞെങ്കിലും ‘അത് കുഴപ്പമില്ല. ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മാര്‍ട്ടിന്റെ മറുപടി. താന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്നാല്‍ ഊണുകഴിഞ്ഞിട്ട് വരാമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

അത്രയുംനേരം ഇവിടെ ഇരിക്കേണ്ടെന്നു മാര്‍ട്ടിന്‍ പറഞ്ഞതനുസരിച്ച് അപ്പച്ചന്‍ സ്വന്തം വീട്ടിലേക്കുപോന്നു. താന്‍ വീടെത്തി അധികം കഴിയുന്നതിന് മുന്‍പ് തന്നെ ഇടിവെട്ടുന്നതുപോലെ ഒരു ശബ്ദം കേള്‍ക്കുകയായിരുന്നെന്ന് അപ്പച്ചന്‍ പറയുന്നു. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ദൈവകൃപയാല്‍ ആണെന്നാണ് അപ്പച്ചന്‍ പറയുന്നത്.

മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിന് ഇരകളായത്. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടല്‍ ഇനിയും അയല്‍വാസികളെ വിട്ടുമാറിയിട്ടില്ല.

‘രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. മാര്‍ട്ടിന്റെ കുടുംബവുമായി, സംഭവത്തിന് അരമണിക്കൂര്‍ മുമ്പും സംസാരിച്ചിരുന്നു എന്റെ ഭര്‍ത്താവ് ജോസ്. അതുകൊണ്ട് ആദ്യംകേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പൊതുവേ, ഇവിടം ഉരുള്‍പൊട്ടാത്ത സ്ഥലമാണ്. വീട് വലിയ പൊക്കത്തിലുമല്ല. മലവെള്ളപ്പാച്ചിലില്‍ വീട് ഒന്നാകെ ഒലിച്ചുപോയത് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല,’-അയല്‍വാസിയായ പേഴുംകാല വീട്ടില്‍ ജോളി പറയുന്നു.

ഈ ഭാഗത്ത് 20 വീടുകളുണ്ട്. അതില്‍ ആദ്യകാലത്തുള്ള വീടുകളിലൊന്നാണ് മാര്‍ട്ടിന്റേത്. മാര്‍ട്ടിന്റെ പഴയ വീടിന് താഴെയായിട്ടാണ് പുതിയ വീട് പണിതത്. പഴയ വീടിന്റെ തറഭാഗം ഇടിഞ്ഞ് പുതിയ വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വീട് നിന്ന് സ്ഥലം പോലും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം