കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരന്‍ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിര്‍ന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണം.
ഈ സാഹചര്യത്തിലാണ് ഒരാള്‍ കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടതായ സംശയം ഉയര്‍ന്നത്. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ഉരുള്‍പ്പൊട്ടലില്‍ പ്ലാപ്പള്ളി മേഖലയില്‍ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. സോണിയ, അലന്‍, സരസമ്മ മോഹനന്‍ (58 ), റോഷ്നി (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഇവരില്‍ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായത്. ഈ മേഖലയില്‍ കല്ലും മറ്റും വീണ് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ നിന്നും ശേഖരിച്ചാണ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി എത്തിച്ചത്.
ഇതിനിടയിലാണ് 12 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിര്‍ന്ന വ്യക്തിയുടേതാണെന്ന് ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തുന്നത്. എന്നാല്‍ ഇങ്ങനെ ഒരാളെ കാണാതായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kootickal Landslide more casuality doubt