| Monday, 30th November 2020, 3:31 pm

'തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ചാരായം വാറ്റല്‍'; സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിനുള്ളില്‍ ചാരായം വാറ്റ്. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇടയാര്‍ പീടികപ്പടിയ്ക്ക് സമീപം കുഴുപ്പിള്ളില്‍ കെ.എ സ്‌കറിയ ആണ് അറസ്റ്റിലായത്. സ്‌കറിയയുടെ ഭാര്യ മേരി നഗരസഭയിലെ 24ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.

ഇടയാറില്‍ വീടിനുള്ളില്‍ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിറവം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മൂന്നര ലിറ്റര്‍ ചാരായവും, ഒന്നര ലിറ്റര്‍ വിദേശമദ്യവും, അടുത്ത വാറ്റിനായി തയാറാക്കി വെച്ചിരുന്ന 50 ലിറ്റര്‍ വാഷ്, കുക്കര്‍, സ്റ്റൗ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് അംഗമായിരുന്ന മേരി പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. പാര്‍ട്ടിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയതോടെ മേരിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഭാര്യയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് ചാരായം ഉണ്ടാക്കിയതെന്ന് എക്‌സൈസ് സംഘത്തിന് സ്‌കറിയ മൊഴിനല്‍കിയിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍മാരായ ചാള്‍സ് ക്ലാര്‍വിന്‍, സാബു കുര്യാക്കോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉന്‍മേഷ്, ജയദേവന്‍, വിനോദ്, ഹരിദാസ്, ജിഷ്ണു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടി.കെ.സൗമ്യ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more