Spoiler Alert
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കൂമന്‍ നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്. ഇതുവരെ മലയാളത്തില്‍ പറഞ്ഞിരിക്കുന്നതില്‍ വെച്ചും, ജീത്തു ജോസഫ് സിനിമകളെ അപേക്ഷിച്ചും വളരെ വ്യത്യസ്തമായ സിനിമയാണ് കൂമന്‍.
സിനിമയെ മൊത്തത്തില്‍ നിരീക്ഷിക്കുമ്പോള്‍ ഏറ്റവുമധികം ഞെട്ടിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണകുമാറാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച എഴുത്തുകാരന്‍ എന്ന് അദ്ദേഹത്തെ വിളിക്കാം. കേരളത്തില്‍ ഏറ്റവുമധികം സമകാലിക പ്രസക്തിയുള്ള വിഷയമാണ് കൂമനില്‍ പറയുന്നത്. ഈ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ തന്റെ തിരക്കഥയിലേക്ക് കൃഷ്ണകുമാര്‍ ഇത് എത്തിച്ചത് ഒരു അത്ഭുതമായി തോന്നാം.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു പൊലീസ് സ്‌റ്റേഷനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവിടുത്തെ പൊലീസ് കോണ്‍സ്റ്റബിളാണ് ഗിരി. മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാണിയാള്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും പക ഉള്ളില്‍ സൂക്ഷിക്കും. തരം കിട്ടിയാല്‍ അതിന് പകരം വീട്ടും. ഈ സ്വഭാവം അയാള്‍ക്ക് തന്നെ വിനയാവുകയാണ്.
ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അയാള്‍ മറ്റൊരു കേസിലേക്ക് എത്തിപ്പെടുകയാണ്. അതിലെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന സെക്കന്റ് ഹാഫിലാണ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ നരബലി കടന്നുവരുന്നത്.
സൂക്ഷ്മമായി നിര്‍മിച്ചെടുത്ത കഥാപാത്രമാണ് ഗിരി. ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിലാണ് ആസിഫ് ചെയ്തുവെച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ സിനിമ മോശമാണെങ്കില്‍ കൂടി തനിക്ക് കയ്യില്‍ കിട്ടിയ കഥാപാത്രത്തിന് ഏറ്റവും മികച്ച ഔട്ട് പുട്ട് കൊടുക്കുന്ന നടനാണ് ആസിഫ് അലി. കൂമനിലും ആസിഫ് ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. കൂമന് മികച്ച അഭിപ്രായങ്ങള്‍ ഉയരുന്നതിനൊപ്പം ആസിഫിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടും.
ജാഫര്‍ ഇടുക്കി, ബാബുരാജ്, പോളി വല്‍സന്‍, മേഘനാഥന്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Kooman movie talks about the most contemporary issue in Kerala