Spoiler Alert
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കൂമന്‍ നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്. ഇതുവരെ മലയാളത്തില്‍ പറഞ്ഞിരിക്കുന്നതില്‍ വെച്ചും, ജീത്തു ജോസഫ് സിനിമകളെ അപേക്ഷിച്ചും വളരെ വ്യത്യസ്തമായ സിനിമയാണ് കൂമന്‍.
സിനിമയെ മൊത്തത്തില്‍ നിരീക്ഷിക്കുമ്പോള്‍ ഏറ്റവുമധികം ഞെട്ടിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണകുമാറാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച എഴുത്തുകാരന്‍ എന്ന് അദ്ദേഹത്തെ വിളിക്കാം. കേരളത്തില്‍ ഏറ്റവുമധികം സമകാലിക പ്രസക്തിയുള്ള വിഷയമാണ് കൂമനില്‍ പറയുന്നത്. ഈ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ തന്റെ തിരക്കഥയിലേക്ക് കൃഷ്ണകുമാര്‍ ഇത് എത്തിച്ചത് ഒരു അത്ഭുതമായി തോന്നാം.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു പൊലീസ് സ്‌റ്റേഷനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവിടുത്തെ പൊലീസ് കോണ്‍സ്റ്റബിളാണ് ഗിരി. മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാണിയാള്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും പക ഉള്ളില്‍ സൂക്ഷിക്കും. തരം കിട്ടിയാല്‍ അതിന് പകരം വീട്ടും. ഈ സ്വഭാവം അയാള്‍ക്ക് തന്നെ വിനയാവുകയാണ്.