ഇവിടെ അമേരിക്കയുടെ വടക്ക് കിഴക്കൻ മൂലയിലെ പ്രദേശങ്ങളിൽ “ഡിക്കറിങ്” എന്നൊരു തൊഴിൽ മേഖല ഉണ്ട്.
എനിക്കൊരു പഴയ കാറു വാങ്ങണം എന്ന് വെയ്ക്കുക. കൈയ്യിൽ അഞ്ച് പൈസ ഇല്ല. പക്ഷെ കാറില്ലാതെ പറ്റില്ല. ഞാൻ ചുറ്റുവട്ടത്തുള്ള കാറു വിൽക്കാനുള്ള പരസ്യക്കാരെ സമീപിക്കും. കാറു വാങ്ങാം, പക്ഷെ പൈസ ഇല്ല. പകരം വേറെ എന്തെങ്കിലും എക്സ്ചേഞ്ച് ചെയ്യുകയൊ, കാറിന്റെ മൂല്യത്തിന് തുല്യമായ വേറെന്തെങ്കിലും മൈക്കാട് പണി ചെയ്യുകയൊ ആവാം എന്നറിയിക്കും. വിൽപ്പനക്കാരന് സമ്മതമാണെങ്കിൽ കാറു നമുക്ക് സ്വന്തം.
ന്യുജേഴ്സി പോലുള്ള വലിയൊരു സിറ്റിയിൽ നിന്ന് മാറിയാണ് ഈ കുഗ്രാമത്തിൽ എത്തിയത്. കൄഷിയാണ് ഒരു വലിയ ഭൂരിപക്ഷത്തിന്റെയും ഉപജീവനം. ഭക്ഷണം, താമസം ഒക്കെ അഷ്ടിമുഷ്ടി കഴിയുമെങ്കിലും, ആർഭാടങ്ങൾക്കൊക്കെ അവിടുത്തെ മനുഷ്യർ അവലംബിക്കുന്ന ഒരു രീതിയാണ് ഡിക്കറിങ്. പഴയ ബാർട്ടർ സിസ്റ്റം തന്നെ. ചിലർ ഡിക്കറിങ് ഒരു ബിസ്സിനസ്സ് ആയി വളർത്തിയിട്ടുണ്ട്. ഇങ്ങനെ വാങ്ങുന്ന കാറുകളും, വീട്ടു സാമാനങ്ങളുമൊക്കെ ഈബെയിൽ ഇട്ട് വിൽക്കുന്ന ആൾക്കാർ വരെ ഉണ്ട്.
ഡിക്കറിങ് ചെയ്യുന്നവർ ബൈബിൾ പോലെ കാത്തിരിക്കുന്ന ഒരു വാരിക ഉണ്ട്. “Uncle Henrey”s Swap or Sell Guide”. പഴയ പൂമ്പാറ്റയുടെ വലിപ്പം ഉള്ള കൊച്ച് ബുക്ക്. 1969 തൊട്ട് സർക്കുലേഷനിലുള്ള ഒരു പുസ്തകമാണ്. എല്ലാ വ്യാഴാഴ്ചകളിലും ആണ് പ്രസ്ദ്ധീകരണം. ബുക്കുകൾ ഇവിടെ ഗ്യാസ് സ്റ്റേഷനുകളിൽ നിന്നൊ, ചെറിയ ജനറൽ സ്റ്റോറുകളിൽ നിന്നൊ വാങ്ങാം. $2 രൂപയാണ് വില. വ്യാഴാഴ്ച ഇറങ്ങുന്ന പുസ്തകം വെള്ളിയാഴ്ച രാവിലെ ആകുമ്പഴേയ്ക്ക് വിറ്റു തീരും. ഈ പ്രദേശത്തെ ജനങ്ങളുടെ ഇടയിൽ അത്രയ്ക്ക് പ്രസിദ്ധമാണ് ഈ ബുക്ക്.
എന്റെ വീട്ടിലെ രണ്ട് മൂന്ന് മുറി പെയിന്റ് അടിപ്പിക്കാൻ ഞാൻ ഉപയോഗിച്ചത് Uncle Henrey”s ആണ്. കൂലി; പുല്ല് വെട്ടുന്ന ഒരു പുഷ് മോവർ. ചുമ്മാ വീട്ടിലിരുന്ന് തുരുമ്പെടുത്ത് പോവുമായിരുന്ന ഒരു സാധനം എനിക്ക് ആവശ്യമുള്ള ഒരു സർവ്വീസ്സിന് പകരമായി ഞാൻ വിനയോഗിച്ചു.
ഇവിടെ ജനങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഈ പുസ്തകം. Craiglist, Ebay തുടങ്ങി നൂറായിരം ഫ്രീ ഓപ്ഷനുകൾ നിരന്ന് കിടന്നിട്ടും അവയ്ക്കൊന്നിനും അങ്കിൾ ഹെൻറിയെ റീപ്ലേസ് ചെയ്യാൻ സാധിച്ചില്ല. അത്ര ശക്തമാണ് അവരുടെ ബ്രാൻഡ് വാല്യു. ഒന്നും വാങ്ങാനൊ, വിൽക്കാനൊ, എക്സ്ചേഞ്ച് ചെയ്യാനൊ ഇല്ലാത്തവർ പോലും കാത്തിരുന്നു പുസ്തകം വാങ്ങിച്ചോണ്ട് പോകുന്ന കാണാം. വെറുതെ വായിക്കാൻ. അത്രയ്ക്ക് രസമാണ് ചില പരസ്യങ്ങൾ.
2005 ൽ അങ്കിൾ ഹെൻറിയെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഈ ഒരു സർവ്വീസ് കേരളത്തിൽ തുടങ്ങിയാൽ എന്തെന്ന് ആലോചിച്ചു. നമുക്ക് മലയാളികൾക്ക് (ഇൻഡ്യക്കാർക്ക്) വേറൊരാൾ ഉപയോഗിച്ച ഒരു സാധനം വാങ്ങാനും ഉപയോഗിക്കാനും മടിയുണ്ട്. 13 കൊല്ലം കൊണ്ട് OLX ഒക്കെ വന്ന് ഈ സംസ്കാരം കുറെയൊക്കെ മാറി വരുന്നുണ്ട്. എന്നാലും, പഴയ വാഹനങ്ങളല്ലാതെ മറ്റ് ഇലക്ട്രോണിക് സാധനങ്ങളൊ, വീട്ടുപകരണങ്ങളൊ ഒക്കെ വാങ്ങാൻ മടിയാണ്. ഈ പേടിയെ ചൂഷണം ചെയ്താണ് നാട്ടിലെ കടകളൊക്കെ എക്സചേഞ്ച് ഓഫറുകളുമായി വരുന്നത്. പഴയത് കളയാൻ കഴിയാത്തതിനാൽ പുതിയത് വാങ്ങാൻ മടിക്കുന്നവരെ ആകർഷിക്കുക എന്ന തന്ത്രം. നാട്ടിലിപ്പൊ പഴയ മെത്തയ്ക്ക് വരെ എക്സ്ചേഞ്ച് ഓഫറുണ്ട്. ലോകത്ത് വേറൊരുടത്തും കേൾക്കാത്ത പരിപാടിയാണിത്. ആമസോണും, ഫ്ലിപ്കാർട്ടുമൊക്കെ ഇൻഡ്യയിൽ തുടങ്ങിയപ്പൊ ഈ എക്സ്ചേഞ്ച് ഓഫറുകാരുടെ ക്രയവിക്രയം എളുപ്പമാക്കാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. അതിനാൽ കേരളത്തിൽ അങ്കിൾ ഹെൻറി ചിലവാകില്ലെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞതിനാൽ അന്നേ ഐഡിയ അട്ടത്ത് കയറ്റി.
ഒരിക്കലെങ്കിലും എക്സചേഞ്ച് ഓഫറിൽ വീണിട്ടുള്ളവർക്ക് മനസ്സിലാകും, ഈ ഡീലിൽ ഒരേ ഒരു മേൻമ പഴയ സാധനം ഒഴുവായി കിട്ടും എന്നത് മാത്രമാണ്. കാര്യമായ സാമ്പത്തികലാഭം ഒന്നുമില്ല. പക്ഷെ പഴയ സാധനം ഡിസ്പോസ് ചെയ്യാൻ സ്ഥലമന്വേഷിച്ചു നടക്കണ്ട. അതിനാൽ തന്നെ വീട്ടുപകരണങ്ങളുടെ റീട്ടേയിൽ മേഖലയിൽ നൂതനമായൊരു മാർക്കെറ്റിങ് രീതിയാണ് എക്സ്ചേഞ്ച് ഓഫറുകൾ.
കേരളം പ്രളയത്തിൽ നിന്ന് പതിയെ കരകയറി വരുന്നു. പലരും ജീവിതം ഒന്നേ എന്ന് തുടങ്ങുന്ന ഘട്ടത്തിലാണ്. ഒരു തേപ്പു പെട്ടിയൊ, മിക്സിയൊ, പഴയ പ്രഷർ കുക്കറൊ, എമർജ്ജൻസ്സി ലാമ്പൊ ഒക്കെ ഉടനെ പുതിയത് വാങ്ങാൻ ഉള്ള സാഹചര്യവുമല്ല പലരുടേതും. അതിനാൽ നിങ്ങളുടെ കയ്യിൽ അടുത്ത എക്സചേഞ്ച് ഓഫറിന് വേണ്ടി വെയിറ്റ് ചെയ്യുന്ന വർക്കിങ് കണ്ടീഷനിലുള്ള ഉപകരണങ്ങൾ ഡൊണേറ്റ് ചെയ്താൽ അത്യാവശ്യക്കാർക്ക് കുറച്ച് കാലത്തേക്കെങ്കിലും വലിയൊരു സഹായമാകും.
ഈ ഒരു ചിന്തയാണ് “കൂടൊരുക്കാം” എന്ന ആശയത്തിൽ കലാശിച്ചത്. എന്റെ സുഹൄത്ത് ജോഫിൻ നിർമ്മിച്ച ഒരു വെബ്സൈറ്റാണ്. ചെയ്യണ്ടത് ഇത്രമാത്രം. നിങ്ങൾ ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപകരണം https://koodorukkam.in/ എന്ന സൈറ്റിൽ ചെന്ന് രെജിസ്റ്റർ ചെയ്യു. ഒരു “കൂടൊരുക്കാം” വൊളണ്ടീയർ നിങ്ങളുടെ സാധനം വന്ന് പിക് അപ് ചെയ്തോളും. ഒരു ആവശ്യക്കാരന് വൊളണ്ടീർ അത് എത്തിച്ച് കൊടുക്കും. “കൂടൊരുക്കാം” ടീമിനൊപ്പം വൊളണ്ടീർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും സൈറ്റിൽ രെജിസ്റ്റർ ചെയ്യാം.