ജോഷ്വയുടെയും ജെന്നിയുടെയും 'കൂടെ'
Film Review
ജോഷ്വയുടെയും ജെന്നിയുടെയും 'കൂടെ'
അശ്വിന്‍ രാജ്
Saturday, 14th July 2018, 8:46 pm

നാല് വര്‍ഷത്തിന് ശേഷം അഞ്ജലി മേനോന്‍ ചിത്രം വരുന്നു, നസ്രിയ കല്ല്യാണത്തിന് ശേഷം മടങ്ങി വരുന്നു, പൃഥിരാജിന്റെ നൂറാമത്തെ സിനിമ… ഇങ്ങിനെ “കൂടെ” എന്ന സിനിമയെ കാത്തിരിക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു.

മുമ്പ് സൂചിപ്പിച്ചപോലെ ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലി മേനോന്റെ ഒരു ചിത്രം വരുന്നത്. വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്ന് മാറി നിന്ന നസ്രിയയും ഈ ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. എം.രഞ്ജിത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിക്കും നസ്രിയക്കും പുറമേ, പാര്‍വതി തിരുവോത്ത്, രഞ്ജിത്, മാല പാര്‍വതി, റോഷന്‍ മാത്യു, അതുല്‍ കുല്‍ക്കര്‍ണി, ദേവന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2014ല്‍ മറാത്തിയില്‍ ഇറങ്ങിയ ഹാപ്പി ജേര്‍ണി എന്ന സിനിമയുടെ റിമേക്ക് ആയാണ് കൂടെ ഒരുക്കിയതെങ്കിലും ഒരു അഞ്ജലി മേനോന്‍ ടച്ച് ഈ ചിത്രത്തില്‍ ഉടനീളം കാണാം. ഒരു ഫാന്റസി ചിത്രമെന്നോ ഫാമിലി ചിത്രമെന്നോ ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം. എന്നാല്‍ വിശേഷണങ്ങള്‍ക്ക് അപ്പുറത്താണ് “കൂടെ”.

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ എത്തിയ മൂന്നാമത്തെ ചിത്രമാണ് “കൂടെ”. എന്നാല്‍ മുന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സോ. തിരക്കഥ രചിച്ച ഉസ്താദ് ഹോട്ടലോ പ്രതീക്ഷിച്ച് ഈ ചിത്രത്തിന് കയറരുത്. ചിത്രത്തിന് ചിലര്‍ക്കെങ്കിലും ലാഗ് അനുഭവപ്പെട്ടേക്കാം എന്നാല്‍ ആ ലാഗ് ആ ചിത്രം ആവശ്യപ്പെടുന്നുണ്ട്.

ഊട്ടിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജോഷ്വയുടെയും അനിയത്തി ജെന്നിയുടെയും കഥയാണ് “കൂടെ” എന്ന് പറയാം. പൃഥിയും നസ്രിയയുമാണ് ജോഷ്വയും ജെന്നിയുമാവുന്നത്. ചെറുപ്പത്തില്‍ തന്നെ കുടുംബത്തിനായി നാട് വിടേണ്ടി വന്നവനാണ് ജോഷ്വ. നന്നായി ഫുട്‌ബോള്‍ കളിക്കുമായിരുന്ന ജോഷ്വയുടെ അടുത്ത കുട്ടുകാരില്‍ ഒരാള്‍ ഫുട്‌ബോള്‍ കോച്ചായ അഷറഫ് സാര്‍ ആയിരുന്നു. ഹാപ്പി ജേര്‍ണിയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച അതുല്‍ കുല്‍ക്കര്‍ണിയാണ് “കൂടെ”യില്‍ കോച്ച് അഷറഫ് ആയി എത്തുന്നത്. ചെറുപ്പത്തില്‍ തന്നെ കുടുംബത്തിനായി കഷ്ടപ്പെടുന്ന ജോഷ്വ കുടുംബത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് കഴിയുന്നയാളാണ്.

തന്നെക്കാള്‍ 15 വയസ് ഇളപ്പുമുള്ള അനിയത്തി ജെന്നിക്ക് ഒരിക്കല്‍ പോലും തന്റെ സ്‌നേഹം പങ്ക് വെയ്ക്കാന്‍ ജോഷ്വയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് നല്‍കാന്‍ കഴിയാതിരുന്ന സ്‌നേഹവും പിന്തുണയും നല്‍കാനും ഒതുങ്ങി കൂടിയിരിക്കുകയായിരുന്ന ജോഷ്വയെ ജീവിതത്തിന്റെ മനോഹാരിതയിലേക്ക് തിരികെ കൊണ്ട് വരാന്‍ കുറുമ്പത്തി അനിയത്തിയായ ജെന്നിക്ക് കഴിയുന്നുണ്ട്.

പണ്ട് സ്‌ക്കൂള്‍ കാലഘട്ടത്തില്‍ ജോഷ്വ പറയാന്‍ ബാക്കിയാക്കിയിരുന്ന സോഫിയയോടുള്ള സ്‌നേഹം അറിയിക്കാനും ജോഷ്വയെ പ്രേരിപ്പിക്കുന്നുണ്ട് ജെന്നി. അയാളുടെ ജീവിതത്തിലെ ഒരോ മാറ്റവും ജെന്നിയിലൂടെ സംഭവിക്കുകയായിരുന്നു. രണ്ടാം വരവും മികച്ചതാക്കാന്‍ നസ്രിയക്ക് കഴിഞ്ഞു. തിയേറ്റര്‍ വിട്ടിറങ്ങിയാലും ജെന്നിയും ജോഷ്വയും മനസ്സില്‍ നിന്ന് എളുപ്പത്തില്‍ ഇറങ്ങി പോകില്ല. അത്രത്തോളം ആഴത്തില്‍ രണ്ടാളും സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. ജോഷ്വയുടെയും ജെന്നിയുടെയും “കൂടെ” നമ്മളും ഒരു യാത്ര പോകും.

പൃഥിയുടെ നൂറാം ചിത്രത്തില്‍ പൃഥ്വിരാജ് എന്ന സൂപ്പര്‍ യുവ താരത്തിനെ നിങ്ങള്‍ എവിടെയും കാണില്ല. പൃഥ്വിരാജ് എന്ന നടനെ മാത്രമേ കാണു. മിതമായി വളരെ ഒതുക്കി പിടിച്ച് അഭിനയിക്കാന്‍ പൃഥ്വിക്ക് കഴിയുന്നുണ്ട്.

സോഫിയ ആയി എത്തിയ പാര്‍വതി തന്റെ റോള്‍ മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ജോഷ്വയുടെയും ജെന്നിയുടെയും കഥയായതിനാല്‍ അധികമൊന്നും പാര്‍വതിക്ക് ഈ ചിത്രത്തില്‍ ചെയ്യാനില്ലായിരുന്നു.

എടുത്ത് പറയേണ്ട ഒരാള്‍ രഞ്ജിത്താണ് ചില ചിത്രങ്ങളില്‍ എല്ലാം തന്നെ അതിഥി വേഷത്തില്‍ എത്തിയ രഞ്ജിത് “കൂടെ” യില്‍ നിറഞ്ഞാടുകയായിരുന്നു. അലോഷി എന്ന വാഹന മെക്കാനിക്ക് രഞ്ജിത്തിനല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല എന്ന തരത്തില്‍ അയാള്‍ ആ വേഷം മനോഹരമാക്കിയിട്ടുണ്ട്.

ലിറ്റില്‍ സ്വയംപിന്റെ ക്യാമറ ….. എന്താണ് പറയേണ്ടതെന്ന് അറിയില്ല അത്രയ്ക്ക് മനോഹരമായിരുന്നു ഒരോ ഫ്രെയിമുകളും. ഊട്ടി കൂറെ കൂടി മനോഹരിയാവുന്നുണ്ട് ലിറ്റിവിന്റെ ക്യാമാറയിലൂടെ. പല സീനുകളും മനസില്‍ നിന്നും മായില്ല. അയാളുടെ ഓരോ ഷോട്ടിലും പ്രണയവും സ്‌നേഹവും സങ്കടവും പ്രതീക്ഷയും കുസൃതിയും എല്ലാം നിറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദൃശ്യം പോലെ തന്നെ ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും എം.ജയചന്ദ്രനും രഘു ദീഷിതും മനോഹരമാക്കി.

പുതുമുഖ നടന്‍ എന്ന നിലയില്‍ നിന്ന് മികച്ച ഒരു നടനായി മാറികൊണ്ടിക്കുകയാണ് റോഷന്‍ മാത്യു. മാലപാര്‍വതിയുടെ അമ്മയായുള്ള കഥാപാത്രവും പൗളി വത്സന്‍ അവതരിപ്പിച്ച നഴ്‌സ് കഥാപാത്രവും മികച്ചതാക്കി.

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് കൂടെ.ഒരോ തവണ കാണുമ്പോഴും,തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോഴും ജോഷ്വയും ജെന്നിയും നമ്മുടെ “കൂടെ” തന്നെ കാണും.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.