കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വിഷം കൈവശം സൂക്ഷിക്കല്‍ എന്നിങ്ങനെ ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത. എസ്.പി കെ.ജി സൈമണ്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേസില്‍ നാല് പ്രതികളാണുള്ളത്. റോയ് തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയ കേസില്‍ റോയിയുടെ ഭാര്യ ജോളിയാണ് ഒന്നാംപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യുവാണ് രണ്ടാം പ്രതി. മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സി.പി.ഐ.എം. മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍.
കേസില്‍ 246 സാക്ഷികളുണ്ട്. 1800 പേജുള്ളതാണ് കുറ്റപത്രം.
ജോളിയുടെ മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും കേസില്‍ മാപ്പു സാക്ഷികളില്ലെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. റോയി വധക്കേസില്‍ ഡി.എന്‍.എ ടെസ്റ്റ് അനിവാര്യമല്ലെന്നും ജോളിയുടെ വീട്ടില്‍നിന്നും സയനൈഡ് കിട്ടിയത് കേസില്‍ സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവാണ്. ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് വ്യക്തമായി. രാസപരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്’, എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടത്തായിയിലെ മരണപരമ്പരയുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ജോളിയെ അഞ്ചാമതും അറസ്റ്റ് ചെയ്തിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് അഞ്ചാമത്തെ അറസ്റ്റ്.
2008 ഓഗസ്റ്റ് 26 നാണ് പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ് മരണപ്പെടുന്നത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസ് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ