| Saturday, 5th October 2019, 11:07 am

കൂടത്തായി മരണപരമ്പര; താമരശ്ശേരിയിലെ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍; സയനേഡ് എത്തിച്ചുകൊടുത്തത് ഇയാളെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായിയിലെ മരണപരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ജോളിയ്ക്ക് സയനേഡ് എത്തിച്ചുകൊടുത്ത താമരശ്ശേരിയിലെ ജ്വല്ലറി ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജോളിയുടെ മൊഴി പ്രകാരമാണ് കസ്റ്റഡി.

ജോളിയെ ജ്വല്ലറിയില്‍ എത്തിച്ച ശേഷം ഇയാളാണോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ജോളിയുടെ മറുപടി. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിന് ശേഷം രണ്ട് പേരേയും വ്യത്യസ്ത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ജ്വല്ലറിയില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന സയനേഡിന്റെ അംശം പലപ്പോഴായി ജോളിക്ക് നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ആറ് പേരുടെ മരണത്തില്‍ ഇയാള്‍ പങ്കാളിയാണോ എന്ന വിവരം പൊലീസ് നല്‍കുന്നില്ല. ജോളി ആവശ്യപ്പെട്ട പ്രകാരം ഇത് നല്‍കുകയായിരുന്നു എന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജോളിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.

ഇന്ന് രാവിലെയാണ് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 9.30 ഓടെയാണ് ജോളിയെ കസ്റ്റഡിയിലെടുത്ത്. ജോളിയേയും നിലവിലെ ഭര്‍ത്താവ് ഷാജുവിനേയും ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

കൊലപാതകം നടത്തിയത് താനാണെന്ന് ഇന്നലെ വൈകീട്ടാണ് ജോളി മൊഴി നല്‍കുന്നത്. സ്ലോ പോയിസണ്‍ നല്‍കിയാണ് കൊല നടത്തിയതെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

നേരത്തെ ജോളി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അടുത്ത ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂ. ഇവര്‍ക്ക് സയനേഡ് എത്തിച്ചുകൊടുത്ത ആളെ കുറിച്ചും ഇവര്‍ക്ക് വ്യാജവില്‍പ്പത്രം ഉണ്ടാക്കി നല്‍കിയ ആളെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൊലപാതകമായതുകൊണ്ട് തന്നെ തെളിവുശേഖരണം ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതര്‍ക്കമാണോ അതോ മറ്റുപ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം റോയിയുടെ സഹോദരന്‍ റോജോ യു.എസില്‍ നിന്ന് തിരിച്ചുവന്നിരുന്നു. അദ്ദേഹം താമരശ്ശേരി പൊലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. മരണം നടന്നിടത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കകം നടന്ന മരണങ്ങളില്‍ പൊന്നാമറ്റം റോയിയുടെ പോസ്റ്റ് മോര്‍ട്ടം മാത്രമാണ് നടത്തിയിരുന്നത്. സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംശയം തോന്നിയവരെ പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ട പൊന്നാമറ്റം ടോമിന്റെ സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കം നടന്നതിന്റെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

2002 നും 2015 നും ഇടയില്‍ പൊന്നാമറ്റം കുടുംബാംഗങ്ങളില്‍പ്പെട്ട ആറ് പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇതില്‍ സംശയം അറിയിച്ച് ടോമിന്റെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ കല്ലറ തുറന്ന് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഭൗതികാവശിഷ്ടങ്ങളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more