|

'തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ, എനിക്ക് അനുജനുണ്ട്, തളര്‍ന്നിരിക്കാനാവില്ല'; കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളിയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൂടത്തായിയില്‍ നടന്ന മരണങ്ങളില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്ന് അറസ്റ്റിലായ ജോളിയുടെ മകന്‍ റോമോ റോയി. മരണങ്ങളില്‍ സംശയം തോന്നിയിരുന്നെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസും പ്രതികരിച്ചു. സത്യം തെളിഞ്ഞു, അന്വേഷണ ഉദ്യോഗസ്ഥരായ കെ.ജി സൈമണ്‍, പി.ആര്‍ ഹരിദാസ് എന്നിവര്‍ക്ക് നന്ദി പറയുന്നുവെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് തെളിയിക്കട്ടെ. കൃത്യമായ ഉത്തരം അന്വേഷണത്തിലൂടെ ലഭിക്കും. എനിക്ക് തളര്‍ന്നിരിക്കാനാകില്ല, അനുജനുണ്ട്, അവന്‍ തളര്‍ന്നുപോകും. അതിനാല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട്’ റോമോ മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം നടത്തുന്നതും മൃതദേഹം കീറിമുറിക്കുന്നതുമെല്ലാം പലര്‍ക്കും ബുദ്ധിമുട്ടാണ്. അങ്ങനെ കരുതരുത്. അച്ഛന്റെയും അമ്മയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിച്ചിരുന്നു. അതുസംബന്ധിച്ച സത്യം തെളിഞ്ഞു. ശാസ്ത്രീയ പരിശോധനാഫലം അടക്കമുള്ളവ തങ്ങള്‍ക്ക് പ്രശ്നമല്ലെന്നും റെഞ്ചി കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളുടെ മരണത്തില്‍ സംശയം തോന്നാന്‍ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ്. കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തിയത്. സ്വത്തിനുവേണ്ടിയുള്ള നീക്കങ്ങളില്ലെന്നും റെഞ്ചി വ്യക്തമാക്കി.

Latest Stories