കൂടത്തായി മരണപരമ്പര; ആറ് പേരേയും വിഷം കൊടുത്ത് കൊന്നതാണെന്ന് മൊഴി; റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍
Kerala
കൂടത്തായി മരണപരമ്പര; ആറ് പേരേയും വിഷം കൊടുത്ത് കൊന്നതാണെന്ന് മൊഴി; റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 10:20 am

കോഴിക്കോട്: കൂടത്തായിയിലെ മരണപരമ്പരയുമായി ബന്ധപ്പെട്ട് അടുത്ത ബന്ധു ജോളി കസ്റ്റഡിയില്‍. മരിച്ച റോയിയുടെ ഭാര്യയാണ് ജോളി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കസ്റ്റഡിയിലെടുത്തത്.

രാവിലെ 9.30 ഓടെയാണ് ജോളിയെ കസ്റ്റഡിയിലെടുത്ത്. ജോളിയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്യുകയായിരുന്നു.

കൊലപാതകം നടത്തിയത് താനാണെന്ന് ഇന്നലെ വൈകീട്ടാണ് ജോളി മൊഴി നല്‍കുന്നത്. സ്ലോ പോയിസണ്‍ നല്‍കിയാണ് കൊല നടത്തിയതെന്ന കുറ്റസമ്മതം ജോളി നടത്തിയത്.

നേരത്തെ ജോളി ആത്മഹത്യക്ക് പ്രകടിപ്പിച്ചിരുന്നു. അടുത്ത ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു. സയനേഡ് കൊടുത്താണ് റോയിയെ കൊന്നതെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂ. ഇവര്‍ക്ക് സയനേഡ് എത്തിച്ചുകൊടുത്ത ആളെ കുറിച്ചും ഇവര്‍ക്ക് വ്യാജവില്‍പ്പത്രം ഉണ്ടാക്കി നല്‍കിയ ആളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൊലപാതകമായതുകൊണ്ട് തന്നെ തെളിവുശേഖരണം ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതര്‍ക്കമാണോ അതോ മറ്റുപ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം റോയിയുടെ സഹോദരന്‍ റോജോ യു.എസില്‍ നിന്ന് തിരിച്ചുവന്നിരുന്നു. അദ്ദേഹം താമരശ്ശേരി പൊലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. മരണം നടന്നിടത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കകം നടന്ന മരണങ്ങളില്‍ പൊന്നാമറ്റം റോയിയുടെ പോസ്റ്റ് മോര്‍ട്ടം മാത്രമാണ് നടത്തിയിരുന്നത്. സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംശയം തോന്നിയവരെ പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ട പൊന്നാമറ്റം ടോമിന്റെ സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കം നടന്നതിന്റെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

2002 നും 2015 നും ഇടയില്‍ പൊന്നാമറ്റം കുടുംബാംഗങ്ങളില്‍പ്പെട്ട ആറ് പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇതില്‍ സംശയം അറിയിച്ച് ടോമിന്റെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ കല്ലറ തുറന്ന് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഭൗതികാവശിഷ്ടങ്ങളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു.