| Thursday, 10th October 2019, 3:31 pm

ഒന്നും പറയാനില്ല; കൂടത്തായി കേസില്‍ കോടതി മുറിയില്‍ ഒന്നും മിണ്ടാതെ പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. പ്രജികുമാര്‍, മാത്യു എന്നിവരേയും 16 ാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്.

11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. മാത്യുവിന്റെ ജാമ്യാപേക്ഷ ഇന്നലെ തന്നെ കോടതിയില്‍ എത്തിയിരുന്നു.

പ്രജികുമാറിന്റേയും ജോളിയുടേയും ജാമ്യാപേക്ഷ തള്ളിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 ാം തിയതി വരെയാണ് കസ്റ്റഡി കാലാവധി. ജോളിയെ കട്ടപ്പനയില്‍ ഉള്‍പ്പെടെ കൊണ്ടുപോകേണ്ടതുകൊണ്ടായിരുന്നു 11 ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

പ്രതികളുടെ ജാമ്യാപേക്ഷ 16 ാം തിയതി പരിഗണിക്കും. എന്തെങ്കിലും പറയാനുണ്ടോ എന്ന് മൂന്ന് പ്രതികളോടും കോടതി ചോദിച്ചപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു മൂവരുടേയും മറുപടി.

അതേസമയം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ കേസിലെ പ്രതിയായ പ്രജുമാര്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ പങ്കില്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.

പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജുകുമാര്‍ പറഞ്ഞു.

അതേസമയം പ്രജുകുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മാത്യുവുമായി ഏറെ നാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്