കോഴിക്കോട്: ജോളിയുടെ ഇരട്ടമുഖം തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ലെന്നും വളരെ സാധാരണക്കാരിയായ, നാട്ടിന്‍പുറത്തുകാരിയായ സ്ത്രീയായി നടന്ന് സമൂഹത്തിലുള്ള മുഴുവന്‍ ആളുകളേയും വിശ്വസിപ്പിക്കുകയായിരുന്നു ജോളിയെന്നും കൂടത്തായി ഇടവകാ വക്താവ് അഗസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍.
ഓരോ മരണം കഴിയുമ്പോഴും അലമുറയിട്ട് കരഞ്ഞ് ഏറെ സങ്കടപ്പെട്ടു നില്‍ക്കുന്ന ജോളിയെയാണ് തങ്ങള്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണ്. ജോളിക്ക് പള്ളിയുമായി കാര്യമായ ബന്ധവുമില്ല. നേരത്തെ മാതൃവേദിയുടെ ചുമതലുണ്ടായിരുന്നെങ്കിലും ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവകാംഗങ്ങളുടെ പട്ടികയില്‍ നിന്നും വെട്ടിയെന്നും അഗസ്റ്റില്‍ മഠത്തില്‍ പറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
”വിവാഹം കഴിച്ച് ഇവിടെ വന്നതോടെ ഇടവകാംഗമായ ആളാണ് ജോളി. ഇടവകയില്‍ വളരെ പ്രത്യേകമായ ഒരു ഉത്തരവാദിത്തവും ജോളിക്ക് ഉണ്ടായിരുന്നില്ല. മാതാപിതാക്കളുമായി പള്ളിയില്‍ വരുന്ന വ്യക്തി. പള്ളിയിലെ ആരാധനാ കാര്യങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തി എന്നതിനപ്പുറം പള്ളിയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമോ മതബോധനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമോ മതബോധന അധ്യാപികയോ ആയിരുന്നില്ല ജോളി. സമൂഹത്തിന് വേദനയുണ്ടാകുന്ന തരത്തില്‍ ഒരു ക്രൈമിനെ നമ്മള്‍ ഏതെങ്കിലും വിധത്തില്‍ മാറ്റിക്കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞങ്ങള്‍ക്ക് ഇത് വളരെ വേദനയുണ്ടാക്കി. കാരണം ജോളി ഒരിക്കലും മതാധ്യാപികയല്ല. മക്കളെ മതപഠനത്തിന് കൊണ്ടുവരാറുണ്ടായിരുന്നു. മക്കളോടുള്ള ഉത്തരവാദിത്തം എന്ന നിലയ്ക്ക്. എല്ലാ ദിവസവും പള്ളിയില്‍ വരുന്ന ആളല്ല ജോളി. ശനിയാഴ്ചകളില്‍ വരാറില്ല. ഞായറാഴ്ചകളിലാണ് മിക്കവാറും വരാറ്. ടീച്ചര്‍ മരിച്ച ശേഷം സാറിനേയും കൊണ്ട് പള്ളിയില്‍ വരും. തിരിച്ചുപോകും. സാറിന് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് നിഴല്‍പോലെ കാണുന്ന വ്യക്തിയാണ് ജോളി. അല്ലാതെ പള്ളിയില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ക്ക് 12 കുടുംബ കൂട്ടായ്മകളുണ്ട്. വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന, അതില്‍ ജോളി ഉള്‍പ്പെടുന്ന കുടുംബ കൂട്ടായ്മയില്‍ കുറഞ്ഞ കാലം അവര്‍ വാര്‍ഡ് സെക്രട്ടറിയായി. പത്തോ പതിനഞ്ചോ കുടുംബങ്ങളുടെ, സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടവകാ മാതൃവേദിയില്‍ 2014-15 കാലത്ത് ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അവിടെ നടന്ന നാല് മരണങ്ങളുടെ ചടങ്ങില്‍ പങ്കെടുക്കുകയും സംസ്‌ക്കാരകാര്യങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ജോളിക്ക് വലിയ വിഷമമുള്ളതായിട്ടാണ് അന്ന് തോന്നിയത്. രണ്ട് മരണങ്ങളിലും അലമുറയിട്ട് കരയുകയും വളരെ ക്ഷീണിതയായി വളരെ സങ്കടപ്പെട്ട് കഴിയുന്ന ജോളിയെയാണ് നമ്മള്‍ കണ്ടത്. സെമിത്തേരിയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ ഉള്‍പ്പെടെ. മാത്യു സാറിന്റേത് ഉള്‍പ്പെടെ നാല് മരണങ്ങള്‍ കഴിഞ്ഞുപോരുന്ന ജോളി വളരെ ദു:ഖിതയായിട്ടാണ് കാണപ്പെട്ടത്. – അദ്ദേഹം പറഞ്ഞു.
തോമസ് സാറും അന്നമ്മ ടീച്ചറുമെന്ന രണ്ട് വ്യക്തികളെ ഊന്നി ഈ കുടുംബത്തെ നോക്കുമ്പോള്‍ അവര്‍ വളരെ പരിശുദ്ധമായ ജീവിതം നയിക്കുന്നവരാണ്. ഈ രണ്ട് പേര്‍ക്കും സമൂഹത്തിലുള്ള സ്വാതന്ത്ര്യവും സ്വാധീനവും സ്വീകാര്യതയുമാണ് ജോളി ഇത്തരമൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ അതിന് സഹായിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കാരണം തോമസ് സാറിന്റേയും അന്നമ്മ ടീച്ചറിന്റേയും മരുമകള്‍ എന്ന നിലയ്ക്ക് കിട്ടുന്ന ഒരു എന്‍ട്രിയുണ്ട് ഈ സംഭവത്തില്‍ , ആ എന്‍ട്രി നന്നായി ഉപയോഗിച്ചിട്ടുണ്ടാകും. ജോളി ഇത് ചെയ്തിട്ടുണ്ടെങ്കില്‍ ജോളിയ്ക്ക് ഒരു കവചം തീര്‍ത്തത് ഈ വലിയൊരു സ്വീകാര്യതയാണെന്ന് ഞാന്‍ മനസിലാക്കുന്നു.
മരണവുമായി ജോളിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് അവരെ പരിചയപ്പെടുന്ന ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല. അതിന്റെ ഉദാഹരണമാ ണ് ജോളി 20 വര്‍ഷക്കാലം എന്‍.ഐ.ടിയിലെ അധ്യാപിക ആയിരുന്നു എന്ന് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കത്തക്ക രീതിയില്‍ ജോളിക്ക് പെരുമാറാന്‍ കഴിഞ്ഞു എന്നത്. ഇത് തന്നെ ജോളിയുടെ ഇരട്ടമുഖത്തിന്റെ പ്രത്യേകതയായി ഞാന്‍ കണക്കാക്കുകയാണ്. അത് ജോളിയ്ക്ക് മാത്രമുള്ള പ്രത്യേകതയാണ്. ജോളിയുടെ മാത്രം പ്രത്യേകതയാണ്.
നമ്മളൊക്കെ പള്ളിയില്‍ ചെല്ലുമ്പോള്‍ കുറേ കാലമായി കാണുന്ന വ്യക്തിയാണ് ജോളി. പുതിയ വ്യക്തിയല്ല. അവിടെയൊക്കെ ജോളി നമ്മളോട് സംസാരിക്കുന്നു, പുഞ്ചിരിക്കുന്നതും വളരെ സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരിയായ സ്ത്രീയെപ്പോലെ പെരുമാറി സമൂഹത്തിലുള്ള മുഴുവന്‍ ആളുകളേയും വിശ്വസിപ്പിക്കാന്‍ ജോളിക്കായി. – അദ്ദേഹം പറഞ്ഞു.