| Monday, 13th January 2020, 3:39 pm

കൂടത്തായി സംഭവം; സിനിമകള്‍ക്കും പരമ്പരകള്‍ക്കും സ്റ്റേ ഇല്ല; ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

സംഭവത്തില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയവരടക്കം എട്ടു പേരാണ് എതിര്‍കക്ഷികള്‍. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.

നിര്‍മാതാക്കളുടെ പ്രതികരണം കോടതി ആരായും. ഫ്ളവേഴ്സ് ചാനലിന്റെ പുതിയ സീരിയലായ കൂടത്തായ് ഇന്ന് സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കോടതി നടപടി. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്.

തൊട്ടുപിന്നാലെ ഒരു ദിവസം മുമ്പ് തന്നെ ചിത്രം പ്രഖ്യാപിച്ച നടി ഡിനി ഡാനിയേലും രംഗത്തെത്തി. ഇതിനിടെ കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് നടി മുക്തയെ പ്രധാന കഥാപാത്രമാക്കി കൂടത്തായ് എന്ന പരമ്പര ഫളവേഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

Doolnews Video

We use cookies to give you the best possible experience. Learn more