കല്ലറ തുറന്ന ശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റോജോയ്ക്ക് നാട്ടിലിറങ്ങാന്‍ പറ്റുമായിരുന്നില്ല; അയല്‍വാസി പറയുന്നു
Kerala
കല്ലറ തുറന്ന ശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റോജോയ്ക്ക് നാട്ടിലിറങ്ങാന്‍ പറ്റുമായിരുന്നില്ല; അയല്‍വാസി പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 1:47 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുമ്പോള്‍ അമ്പരപ്പിലാണ് ഒരു നാട് മുഴുവന്‍. ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയത് ആ കുടുംബത്തിലെ പ്രധാന അംഗമാണെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല കൂടത്തായിയിലെ നാട്ടുകാര്‍ക്ക്.

എന്നാല്‍ കേസില്‍ കല്ലറതുറന്ന് തെളിവ് ശേഖരിച്ചശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസിനും സഹോദരന്‍ റോജോയ്ക്കും നാട്ടിലിറങ്ങി നടക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ജോളിയുടെ അയല്‍വാസി പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അത്രമാത്രം ഈ വിഷയത്തില്‍ കുടുംബത്തിനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്നാണ് അന്താനത്ത് വീട്ടില്‍ മുഹമ്മദ്ബാവ പറയുന്നത്. കൂടത്തായിയില്‍ ആറ് കൊലപാതകം നടത്തിയ കേസിലെ പ്രതി ജോളി താമസിച്ച പൊന്നാമറ്റം വീടിന് എതിര്‍വശത്താണ് ബാവയുടെ വീട്.
കഴിഞ്ഞ രണ്ടുമാസമായി വലിയ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കേസുമായി മുന്നോട്ടുപോവുന്നതിനോടും കല്ലറ തുറന്ന് തെളിവ് ശേഖരിക്കുന്നതിനോടും വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നാണ് ബാവ പറയുന്നത്.

” കല്ലറ തുറക്കുന്നതിനോട് അന്നുരാവിലെപോലും ബന്ധുക്കളില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കല്ലറ തുറന്ന് തെളിവുശേഖരിച്ചതിനു പിന്നാലെ ജോളിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമുണ്ടായി.

സഹോദരങ്ങള്‍ സ്വത്ത് തട്ടിയെടുക്കാന്‍ അനാവശ്യമായി കേസ് നടത്തുകയാണെന്ന് അതുവരെ പറഞ്ഞിരുന്നവര്‍ സത്യം പുറത്തുവന്നപ്പോള്‍ നിലപാടുമാറ്റി. പക്ഷേ, മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റെഞ്ചിക്കും റോജോയ്ക്കും തനിക്കും നാട്ടിലിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു”- ബാവ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിക്കാലംമുതല്‍ പൊന്നാമറ്റം വീട്ടിലുള്ളവരുമായി ബന്ധമുണ്ടായിരുന്നെന്നും ഒരുമിച്ച അവര്‍ക്കൊപ്പം കളിച്ചുവളര്‍ന്ന തനിക്ക് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ റെഞ്ചിയാണ് ട്യൂഷന്‍ എടുത്തിരുന്നതെന്നും ബാവ പറയുന്നു.

ക്രിസ്മസിനും ഓണത്തിനും ബാവയെയും കുടുംബത്തെയും അന്നമ്മയും ഭര്‍ത്താവ് ടോം തോമസും ഭക്ഷണത്തിന് ക്ഷണിക്കുമായിരുന്നു. റോയിയുടെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി. ഇരുവരുടേയും മരണത്തിന് ശേഷം ജോളി തങ്ങളുമായെല്ലാം അകലം പാലിക്കാന്‍ തുടങ്ങിയെന്നും ബാവ പറയുന്നു.