| Sunday, 6th October 2019, 9:53 am

ഒറ്റയ്ക്ക് ആറ് കൊലപാതകങ്ങളും നടത്താനുള്ള കൂര്‍മ്മ ബുദ്ധി ജോളിയ്ക്കുണ്ടായിരുന്നു: എസ്.പി കെ.ജി സൈമണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയ്‌ക്കെതിരെ എസ്.പി കെ.ജി സൈമണ്‍. ഒറ്റയ്ക്ക് ആറ് കൊലപാതകങ്ങളും നടത്താനുള്ള കൂര്‍മ്മ ബുദ്ധി ജോളിയ്ക്കുണ്ടായിരുന്നെന്ന് എസ്.പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘ഭര്‍ത്താവിനെ പോലും താന്‍ എന്‍.ഐ.ടി അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ചത് ഇതിന് തെളിവാണ്. ജ്വല്ലറി ജീവനക്കാരന്‍ മാത്യുവുമായി സാമ്പത്തിക കരാര്‍ ഉണ്ടാക്കിയോ എന്ന കാര്യം പരിശോധിക്കും’

നുണപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ജോളി സഹകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്നുള്ള കേസ് പിന്‍വലിക്കണം എന്ന് ജോളി ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വത്തുതര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഇതാണ് അന്വേഷണം ജോളിയിലേക്ക് എത്തിച്ചതെന്നും എസ്.പി പറഞ്ഞു.

അതേസമയം ഫോറന്‍സിക് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.പി കണ്ണൂര്‍ ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ക്ക് കത്തയച്ചു. കൊലപാതകങ്ങള്‍ക്ക് കൂടുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന ജോളിയുടെ മൊഴിയുടെ പിന്നാലെ ടോം തോമസിന്റെ വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

അതേസമയം കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാഡ് ചെയ്തു. രണ്ടാഴ്ചകാലത്തേക്കാണ് റിമാന്റ് ചെയ്തത്. താമരശ്ശേരി ഒന്നാം ക്ലാസ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ചയായിരിക്കും ഈ അപേക്ഷ പരിഗണനക്ക് എടുക്കുക.

ജോളിയെക്കൂടാതെ സ്വര്‍ണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജ്വല്ലറി ജീവനക്കാരന്‍ പ്രജു കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

അതേസമയം ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ മരണത്തിലെന്ന് എസ്.പി പറഞ്ഞു. റോയിയുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും മറ്റ് മരണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് അഞ്ച് മരണങ്ങളിലും ജോളിക്ക് പങ്കുണ്ടെന്ന് വ്യക്തമായെന്നും എല്ലാ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് ജോളി സമ്മതിക്കുകയായിരുന്നെന്നും എസ്.പി വെളിപ്പെടുത്തി. റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.

മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഇവര്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ടയര്‍ഡ് അധ്യാപിക അന്നമ്മ തോമസ് 2002 ഓഗസ്റ്റ് 22ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more