കോഴിക്കോട്: കൂടത്തായിയില്‍ കൊല ചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നു. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി മൊഴി നല്‍കിയത്. ജോളിയെ സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോളാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
എന്നാല്‍ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു. ഡെന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു.
സിലി ധരിച്ചിരുന്ന ആഭരണങ്ങള്‍ ഇങ്ങനെയാണ് ജോളി കൈക്കലാക്കിയതെന്ന് സിലിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അന്വേഷണം നടക്കവേ സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണ്ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്.
ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞിരുന്നു. മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തില്‍ ഉണ്ടായ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും സിലി ആഭരണങ്ങള്‍ ധരിച്ചിരുന്നു.
സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണ്ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും അറിയിച്ചു. ആഭരണങ്ങള്‍ ഭണ്ഡാരത്തിലിട്ടുവെന്നും പറഞ്ഞു.
എന്നാല്‍ തന്നോട് പറയാതെ സിലി അങ്ങനെ ചെയ്യില്ലെന്ന് സിലിയുടെ അമ്മ പറഞ്ഞപ്പോള്‍ ഷാജു വീണ്ടും തറപ്പിച്ചു പറയുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്.
സഹോദരന്‍ പിന്നീട് സ്വര്‍ണ്ണം ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും സേവ്യര്‍ പറഞ്ഞു. സേവ്യര്‍ ഈ കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.