രക്തപങ്കിലമായ ഒരു തിങ്കളാഴ്ച്ച
Editorial
രക്തപങ്കിലമായ ഒരു തിങ്കളാഴ്ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2012, 2:48 pm

ഇവിടെ സാമ്രാജ്യത്വ ശക്തികളെ പരിസേവിക്കാന്‍ ഭരണകൂടം കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പോരാടുന്ന കൂടംകുളത്തെ ജനത കേരളത്തോട് വിളിച്ച് പറയുന്നത് ഞങ്ങള്‍, ഞങ്ങളുടെ മാതാപിതാക്കള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഈ വെടിയേറ്റുവാങ്ങുന്നത്, മര്‍ദനമേറ്റുവാങ്ങുന്നത്, ഈ കടലിലേക്കെടുത്ത് ചാടുന്നത് നിങ്ങളുടെ സ്വസ്ത ജീവിതത്തിന് വേണ്ടിക്കൂടിയാണ് എന്നാണ്. ആ നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ പിടഞ്ഞുവീണത് അഭ്യസ്ഥവിദ്യരായ കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിനുവേണ്ടികൂടിയാണ്. കാരണം കൂടംകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ ദൂരം എത്രയോ ചെറുതാണ്. ഒരുപക്ഷേ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്തെത്തുന്നതിനുമുമ്പേ കേരളത്തിലേയ്ക്കായിരിക്കും അത് പടരുക. ഷഫീക്ക് എച്ച്. എഴുതുന്നു..


എഡിറ്റോ-റിയല്‍/ഷഫീക്ക് എച്ച്.


ഒരു ജനത കൊല്ലപ്പെടേണ്ടതാണെന്ന് ഭരണകൂടം തന്നെ പ്രഖ്യാപിക്കുക, എന്നിട്ട് അതനുസരിച്ച് അവരെ കൊല്ലുക. അവരെ പിന്താങ്ങുന്നവരെ കല്‍തുറങ്കിലടയ്ക്കുക. നാസി ജര്‍മനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും മാത്രം കേട്ടുകേള്‍വിയുള്ള ഇത്തരം കഥകള്‍ ഇന്ത്യയിലും നടമാടുന്നു എന്ന വസ്തുത നമ്മേ കിടിലം കൊള്ളിക്കുന്നു. പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള അടിയന്തരാവസ്ഥയുടെ പേടിപ്പെടുത്തുന്ന നാളുകളിലേയ്ക്കാണോ രാജ്യം സഞ്ചരിക്കുന്നതെന്ന് ഉള്‍കിടിലത്തോടെ ചിന്തിച്ചുപോകും.[]

കൂടംകുളത്തെ ജനതയോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവരെന്താണ് ചെയ്തത്? തങ്ങള്‍ തിങ്ങിപ്പാര്‍ത്ത് ജീവിക്കുന്നതിനിടയില്‍ എന്നും പൊട്ടാവുന്ന ഒരു അപകടത്തെ കുടിയിരുത്താന്‍ അനുവദിക്കാതെ സമരം ചെയ്തതോ? ഇന്ത്യന്‍ ഭരണഘടന തന്നെ നല്‍കുന്ന “സുരക്ഷിതമായി, സ്വസ്ഥമായി, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം” ഈ ജനതയ്ക്ക് ഇല്ലെങ്കില്‍, ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണക്കാരനില്ലെങ്കില്‍, ഈ സുവര്‍ണ ലിപികളിലെ വാക്കുകള്‍ ആരെ സംരക്ഷിക്കാനുള്ളതാണെന്ന് ഇന്ത്യയിലെ ഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്.

വികസനമെന്ന പേരില്‍ സാധാരണക്കാരന്റെ തോളില്‍ കെട്ടിവെയ്ക്കുന്ന ഏത് ആറ്റംബോംബിനെയും, ഏത് വധശിക്ഷയെയും ശിരസാ വഹിക്കണമെന്നാണോ ഈ “ജനാധിപത്യ” ഭരണകൂടം ആവശ്യപ്പെടുന്നത്? ഞങ്ങളുടെ നെഞ്ചുകീറി പണക്കാര്‍ക്കായി നിങ്ങള്‍ മണിമാളികകളും ഉത്തരാധുനിക പാതകളും ആണവ നിലയങ്ങളും പണിയുമ്പോള്‍ ഞങ്ങള്‍ ഈ സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്‍മാരല്ലെന്നാണോ നിങ്ങളും പ്രഖ്യാപിക്കുന്നത്? ഞങ്ങളുടെ മക്കള്‍ പണക്കാര്‍ക്കായി അര്‍പ്പിക്കപ്പെടേണ്ട ബലിമൃഗങ്ങളാണോ? ഇന്നലെ തൂത്തുക്കുടിയില്‍ പോലീസിന്റെ വെടിയേറ്റ് ഒരു മത്സ്യതൊഴിലാളി അതിദയനീയമായി കൊലചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ദേശീയ പതാക ഒന്ന് താഴ്ത്തിക്കെട്ടുക എന്നതായിരുന്നു. കാരണം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമായിരുന്നു അത്.

മുതലാളിത്തത്തിന്റെ ഒരു സവിശേഷത അത് നിലനില്‍ക്കുന്നത് പെരുംകള്ളങ്ങള്‍ കൊണ്ട് നിര്‍മിച്ച തൂണുകളിന്‍മേലാണ് എന്നതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പടപ്പാട്ടുപാടിക്കൊണ്ട് ജനിച്ചുവീണ ഈ വ്യവസ്ഥിതി മുതലാളിമാരുടെ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് വാസ്തവത്തില്‍ പാടിയിരുന്നതെന്ന് അനുഭവങ്ങള്‍കൊണ്ട് തെളിയിച്ചതായി “സോഷ്യലിസം: ശാസ്ത്രീയവും സാങ്കല്പികവും” എന്ന തന്റെ ഗ്രന്ഥത്തില്‍ ഏംഗല്‍സ് വരച്ചിടുന്നുണ്ട്. ഇത് എത്ര സത്യമാണെന്ന് ആണവനിലയങ്ങളുടെ കാര്യത്തില്‍ നമുക്ക് മനസ്സിലാക്കാം.

ലോകത്തെ തന്നെ നടുക്കിയ രണ്ട് ദുരന്തങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. റഷ്യയിലെ ചെര്‍ണോബില്ലും ജപ്പാനിലെ ഫുക്കുഷിമയിലും. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെ ഒരു നിമിഷം കൊണ്ട് ഈ ആണവ നിലയങ്ങള്‍ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റി. (ജനസംഖ്യാ കണക്കുകള്‍ ഉദ്ധരിച്ച് ജനങ്ങളാണ് വിഭവചൂഷണം ചെയ്യുന്ന പരിഷകളെന്ന് വിധിയെഴുതുന്ന ഭരണകൂടങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ഈ വാര്‍ത്ത സന്തോഷം പകരുമായിരിക്കും.) അതുകൊണ്ടാണ് ആണവനിലയങ്ങള്‍ ഒരോ ദേശവും വഹിക്കുന്ന ആറ്റം ബോംബുകളായിരിക്കുമെന്ന് ഇന്ത്യയുടെ ആണവോര്‍ജത്തിന്റെ പിതാവായ ഹോമി ജെ ഭാഭയെ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത്ര ശാസ്ത്രജ്ഞനായ ഡി.ഡി കൊസാംബി പറഞ്ഞത്.

ഇന്നലെ കൂടംകുളത്തെ ഞങ്ങളുടെ ഒരു കുഞ്ഞടക്കം രണ്ടുപേര്‍ പോലീസിന്റെ വെടിയേറ്റ് അതിദയനീയമായി കൊലചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ദേശീയ പതാക ഒന്ന് താഴ്ത്തിക്കെട്ടുക എന്നതായിരുന്നു. കാരണം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമായിരുന്നു അത്.

 

ആണവ മാലിന്യങ്ങള്‍ ഇവിടുത്തെ പാവം ജനതയ്ക്കുമുകളില്‍, അവരുടെ സ്വസ്ത ജീവിത്തിനുമുകളില്‍ കെട്ടിവെയ്ക്കുന്ന നമ്മുടെ ‘ജനപ്രിയ’ സര്‍ക്കാരുകള്‍ ഈ വമ്പന്‍ ശക്തികളുടെ ദാസ്യര്‍ മാത്രമാണ് എന്ന് പറയാതെ വയ്യ.

ഓരോ ദുരന്തത്തിന് ശേഷവും ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ച്  കള്ളം പറഞ്ഞുകൊണ്ടേയിരിക്കും. ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ഫുക്കുഷിമയുള്‍പ്പടെയുള്ള ആണവനിലയങ്ങള്‍ വന്നപ്പോള്‍ ഈ രാജ്യങ്ങള്‍ പറഞ്ഞത് ഒരു പഴുതുകളുമില്ലാത്ത സുരക്ഷയോടെയാണ് ഇവ അരങ്ങേറുന്നതെന്നാണ്. അപ്പോഴും പരാജയപ്പെട്ടത് ജനതമാത്രം. നോക്കൂ, ഭോപ്പാല്‍ ഗ്യാസ് ദുരന്തം നമുക്കൊരു പാഠപുസ്തകം തന്നെയായിരുന്നില്ലേ? ആണവദുരന്തമല്ലെങ്കിലും ഈ ദുരന്തം ഉണ്ടായപ്പോള്‍ ആര്‍ക്കാണ് നീതി നിഷേധിക്കപ്പെട്ടത്? യൂണിയന്‍ കാര്‍ബൈഡ് കൈയ്യും തട്ടി പോയപ്പോള്‍ വര്‍ഷങ്ങളോളം നിയമയുദ്ധം നടത്തിയ ജനത അമ്പേ പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ആണവനിലയങ്ങളുടെ കാര്യം പറയേണ്ട കാര്യമുണ്ടോ?

ഫുക്കുഷിമയടക്കമുള്ള ദുരിതങ്ങള്‍ കണ്ട് ഭയന്ന് വിറച്ച ജര്‍മനിയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവനിലയങ്ങള്‍ ഡിസ്മാന്റില്‍ ചെയ്യാനുള്ള തിടുക്കത്തിലാണ്. ഒരിക്കലും വിമുക്തമാക്കാനാവാത്ത ആണവ മാലിന്യങ്ങള്‍ ഇന്ത്യയെ പോലെയുള്ള മൂന്നാംലോക രാജ്യങ്ങളുടെ മേല്‍ കെട്ടിവെക്കുന്ന തിടുക്കത്തിലാണ് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍. ഈ മാലിന്യങ്ങള്‍ ഇവിടുത്തെ പാവം ജനതയ്ക്കുമുകളില്‍, അവരുടെ സ്വസ്ത ജീവിത്തിനുമുകളില്‍ കെട്ടിവെയ്ക്കുന്ന നമ്മുടെ “ജനപ്രിയ” സര്‍ക്കാരുകള്‍ ഈ വമ്പന്‍ ശക്തികളുടെ ദാസ്യര്‍ മാത്രമാണ് എന്ന് പറയാതെ വയ്യ.

‘രാജ്യതാത്പര്യമാണ്’ എന്നാണ് ജനാധിപത്യ ധ്വംസനത്തിന് ഇവര്‍ മറയായി പറയുന്ന വാക്കുകള്‍. ഇതാണ് രാജ്യതാത്പര്യമെങ്കില്‍ ഈ രാജ്യം ആരുടേതാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്?

ഇവിടെ സാമ്രാജ്യത്വ ശക്തികളെ പരിസേവിക്കാന്‍ ഭരണകൂടം കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പോരാടുന്ന കൂടംകുളത്തെ ജനത കേരളത്തോട് വിളിച്ച് പറയുന്നത് ഞങ്ങള്‍, ഞങ്ങളുടെ മാതാപിതാക്കള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഈ വെടിയേറ്റുവാങ്ങുന്നത്, മര്‍ദനമേറ്റുവാങ്ങുന്നത്, ഈ കടലിലേക്കെടുത്ത് ചാടുന്നത് നിങ്ങളുടെ സ്വസ്ത ജീവിതത്തിന് വേണ്ടിക്കൂടിയാണ് എന്നാണ്. ആ നിരക്ഷരരായ മത്സ്യത്തൊഴിലാളികള്‍ പിടഞ്ഞുവീണത് അഭ്യസ്ഥവിദ്യരായ കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിനുവേണ്ടികൂടിയാണ്. കാരണം കൂടംകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ ദൂരം എത്രയോ ചെറുതാണ്. ഒരുപക്ഷേ ഒരു ദുരന്തമുണ്ടായാല്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്തെത്തുന്നതിനുമുമ്പേ കേരളത്തിലേയ്ക്കായിരിക്കും അത് പടരുക.

ഒരുമണിക്കൂറുകൊണ്ട് ഒരു ജനതയുടെ തലവര പരിശോധിച്ച് കൂടംകുളം നിലയത്തിന് എന്‍.ഒ.സി നല്‍കാന്‍ ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമും ഉണ്ടായിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന ദാരിദ്ര്യത്തിന്റെ അഗ്നിചിറകുകളെ പറ്റി അദ്ദേഹം കഥയെഴുതിയത് ഇന്ത്യന്‍ ഭരണകൂടത്തിനായുള്ള വെടിക്കോപ്പുകള്‍ക്ക് രൂപകല്‍പന നല്‍കിക്കൊണ്ടായിരുന്നു എന്നത് രസാവഹമാണ്. അപ്പോള്‍ അദ്ദേഹം ആരുടെ താത്പര്യമായിരുക്കും ഉയര്‍ത്തിപിടിക്കുക എന്നത് വ്യക്തമാണ്.

കോര്‍പറേറ്റുകളുടെ താത്പര്യമാണ് ഈ “ജനാധിപത്യ” സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രിയം. അതിനായി തങ്ങളുടെ പൗരസമൂഹത്തെ ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്താനും ഇവര്‍ക്ക് യാതൊരുമടിയുമില്ലെന്ന് ഇന്നോളം തെളിയിക്കപ്പെട്ട സത്യമാണ്.

“രാജ്യതാത്പര്യമാണ്” എന്നാണ് ജനാധിപത്യ ധ്വംസനത്തിന് ഇവര്‍ മറയായി പറയുന്ന വാക്കുകള്‍. ഇതാണ് രാജ്യതാത്പര്യമെങ്കില്‍ ഈ രാജ്യം ആരുടേതാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്?

ആണവ നിലയങ്ങള്‍, കൂടംകുളം- മലയാളി അറിയേണ്ടത്…