| Wednesday, 23rd October 2013, 7:12 am

കൂടംകുളത്തെ വൈദ്യുതി ഉത്പാദനം വലിയ കള്ളം: ഉദയകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൂടംകുളം: കൂടംകുളം ആണവനിലയത്തിലെ വൈദ്യുതി ഉത്പദാനം റഷ്യയെ തൃപ്തിപ്പെടുത്താനുള്ള കള്ളമാണെന്ന് കൂടംകുളം ആണവനിലയ വിരുദ്ധ സമിതി നേതാവ് എസ്.പി ഉദയകുമാര്‍.

നിലയത്തിലെ ആദ്യ റിയാക്ടറില്‍ നിന്ന് ഇന്നലെ മുതലാണ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ആണവനിലയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതല്‍ നിലയം ഡയറക്ടര്‍ വരെ കള്ളം പറയുകയാണെന്നും ഉദയകുമാര്‍ പറഞ്ഞു.

ആണവനിലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ലെന്ന് മാത്രമല്ല, അധികൃതര്‍ നിരന്തരം കള്ളം പറയുകയാണ്. അതിന്റെ ഭാഗമായി മാത്രമേ വൈദ്യുതി ഉത്പാദനത്തേയും കാണാന്‍ സാധിക്കൂ.

പ്രധാനമന്ത്രിയുടെ റഷ്യാ സന്ദര്‍ശനം കൂടംകുളത്ത് നാലാമത്തേയും അഞ്ചാമത്തേയും റിയാക്ടറുകള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ നിലയത്തിലെ ആദ്യ രണ്ട് റിയാക്ടറുകളില്‍ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിക്കാത്തതിലുള്ള റഷ്യയുടെ അതൃപ്തി മറികടക്കാനാണ് ഇപ്പോള്‍ കള്ളം പറയുന്നത്.

കേന്ദ്ര മന്ത്രി വി. നാരായണ സ്വാമി കഴിഞ്ഞ ജുലൈ 13ന് ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും ആദ്യ 400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും തുടര്‍ന്ന് ആയിരമായി വര്‍ധിക്കുമെന്നുമായിരുന്നും പറഞ്ഞിരുന്നു.

എന്നാല്‍, കഴിഞ്ഞ ആഗസ്റ്റില്‍ ഉല്‍പാദനം തുടങ്ങിയെന്ന് വീണ്ടും പറഞ്ഞ നാരായണ സ്വാമി പിറ്റേന്നുതന്നെ തിരുത്തി.  ഇങ്ങനെ നിരവധി തവണ തുടങ്ങിയെന്ന് പറഞ്ഞ നിലയത്തില്‍ വൈദ്യുതോല്‍പാദനം ആരംഭിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഉള്ളത്.

നിലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമരസമിതിയുമായോ പൊതുജനവുമായോ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. പാര്‍ലമെന്റില്‍ പോലും വിഷയം ചര്‍ച്ചചെയ്യുന്നില്ലെന്നും ഉദയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതോല്‍പ്പാദം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചത്.  ആദ്യഘട്ടത്തില്‍ 160 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കും.

ആദ്യഘട്ടത്തില്‍ 400 മെഗാവാട്ട് വൈദ്യുതിയായിരിക്കും റഷ്യന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. ആയിരം മെഗാവാട്ട് ശേഷിയുള്ള ആദ്യ നിലയമാണ് പ്രവര്‍ത്തനത്തിന് സജ്ജമായിട്ടുള്ളത്.

We use cookies to give you the best possible experience. Learn more