| Friday, 12th July 2013, 12:32 am

കൂടംകുളം: ആദ്യ റിയാക്ടറിലെ വൈദ്യുതി ഉത്പാദനത്തിന് പ്രവര്‍ത്തനാനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തമിഴ്‌നാട്: കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റിന് പ്രവര്‍ത്തനാനുമതി. ആദ്യ റിയാക്ടറില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി. []

അനുമതി ലഭിച്ച സാഹചര്യത്തില്‍ നിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ജനങ്ങളുടെ വന്‍ പ്രതിഷേധവും എതിര്‍പ്പും വകവെക്കാതെയാണ് കൂടംകുളം ആണവനിലയത്തിന്റെ ആദ്യ യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്നത്.

ആണവ വിഘടന പ്രകിയ തുടങ്ങാനുള്ള സാങ്കേതിക തടസ്സങ്ങളായിരുന്നു ഇത്രയും കാലം ഈ പ്രക്രിയ വൈകിപ്പിച്ചത് ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ ഇത് നീങ്ങി.

അതേസമയം ആദ്യ യൂണിറ്റിലെ ഊര്‍ജ ഉല്‍പാദനത്തിന് ചില സാങ്കേതിക നടപടികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഒരു മാസത്തിനുള്ളില്‍ കതന്നെ ഊര്‍ജോല്‍പാദനം ആരംഭിക്കുമെന്ന് താപനിലയം ഡയറക്ടര്‍ അറിയിച്ചു.

കൂടംകുളം ആണവനിലയത്തിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ മെയ് ആറിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

കോടതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആണു വിഭജനമാരംഭിക്കുന്ന ആദ്യ യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്ന് എ.ഇ.ആര്‍.ബി. അറിയിച്ചു.

1,000 മെഗാവാട്ടാണ് ആണവ നിലയം ഒന്നാം യൂണിറ്റിന്റെ ഉല്‍പാദന ശേഷി.  നിലയത്തിന്റെ എല്ലാ സുരക്ഷാവശങ്ങളും പഠിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അണു വിഭജനത്തിന് അനുമതി നല്‍കിയതെന്ന് എ.ഇ.ആര്‍.ബി. പ്രസ്താവനയില്‍ അറിയിച്ചു.

കൂടംകുളത്തെ ആദ്യയൂനിറ്റിന്റെ കമ്മീഷന്‍ ചെയ്യല്‍ 2011 ഡിസംബറില്‍ തീരുമാനിച്ചിരുന്നതായിരുന്നു. എന്നാല്‍ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് അത് നീട്ടിവെക്കുകയായിരുന്നു.

റഷ്യയുടെ സഹകരണത്തോടെയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ കൂടംകുളത്ത് ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ആണവോര്‍ജ പ്‌ളാന്റുകള്‍ സ്ഥാപിക്കുന്നത്.

13,000 കോടി രൂപയാണ്  കൂടംകുളം ആണവനിലയത്തിന്റെ നിര്‍മാണ ചെലവ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ കൂടംകുളത്ത് റഷ്യയുടെ സഹകരണത്തോടെയാണ് ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ആണവോര്‍ജ പ്‌ളാന്റുകള്‍ സ്ഥാപിക്കുന്നത്.

2002 മേയിലാണ് ആണവ നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more