[]തിരുവനന്തപുരം: അന്താരാഷ്ട്ര ആണവസുരക്ഷാ സമ്മേളനത്തിലേക്ക് കൂടംകുളം വിഷയവും.
2011ല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന് ശേഷം ലോകത്ത് ആണവ സുരക്ഷക്കായി സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജപ്പാന്‍ സര്‍ക്കാറിന്റെ ടോക്കിയോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് കൂടംകുളവും വിഷയമാകുക.
ജപ്പാനില്‍ ഈമാസം ആറിനാണ് സമ്മേളനം ആരംഭിക്കുന്നത്. ടോക്കിയോയിലെ ടോക്കിയോടെക് സര്‍വകലാശാലയിലാണ് സമ്മേളനം നടക്കുക. ആണവസുരക്ഷാരംഗത്തെ മുന്നേറ്റം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ആണവസുരക്ഷാനിയമങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും.
ഇന്ത്യക്ക് പുറമെ ഇറാന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ നിന്നും 3000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 2011ല്‍ ഇന്ത്യ തയാറാക്കിയ ആണവസുരക്ഷ നിയന്ത്രണ അതോറിറ്റി നിയമം ഇതുവരെ പാര്‍ലമെന്റ് പാസാക്കാത്ത സാഹചര്യമടക്കം ടോക്കിയോ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
ആണവപദ്ധതികളുടെ സുരക്ഷ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനസമക്ഷം വെളിപ്പെടുത്തണമെന്ന നിലപാടിനാണ് അന്താരാഷ്ട്രതലത്തില്‍ വിദഗ്ധര്‍ മുന്‍തൂക്കം നല്‍കുന്നത്.
എന്നാല്‍ ഫുക്കുഷിമ ആണവദുരന്തത്തിന്റെ വെളിച്ചത്തില്‍ കൂടങ്കുളം നിലയത്തിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പഠിക്കുന്നതിന് കേന്ദ്ര ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ദൗത്യസംഘം തയാറാക്കിയ 17 നിര്‍ദേശങ്ങളില്‍ പലതും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.