|

കൂടംകുളത്തെ വൈദ്യുതി ഈ മാസം ലഭ്യമാകും; അപകട ഉത്തരവാദിത്തം കേന്ദ്രത്തിനെന്ന് സമരസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ##കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് ഈ മാസം മുതല്‍ വൈദ്യുതി ലഭിച്ചു തുടങ്ങും. കേന്ദ്ര വൈദ്യുതി അതോറിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. []

ആദ്യഘട്ടമായി 100 മെഗാവാട്ട് ഈ മാസം തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് കരുതുന്നത്. ഇതില്‍ 15 മെഗാവാട്ട് കേരളത്തിനു ലഭിക്കും.

കേരളത്തിന് ലഭിക്കേണ്ട വിഹിതമായ 133 മെഗാവാട്ടിന് പുറമെ 17 മെഗാവാട്ടുകൂടി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

നിലയത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. കൂടംകുളം ആണവ നിലയത്തെ എതിര്‍ക്കുന്ന കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട് ആവശ്യമുന്നയിച്ചിരുന്നു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ കേരളത്തിന്റെ വിഹിതം പൂര്‍ണമായി നല്‍കാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ തീരുമാനം.

അതേസമയം കൂടംകുളം ആണവനിലയത്തില്‍ എന്തെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ അതിന് ഉത്തരവാദി കോണ്‍ഗ്രസ്സും യു.പി.എ. സര്‍ക്കാറുമായിരിക്കുമെന്ന് ആണവനിലയവിരുദ്ധ സമരസമിതി പറഞ്ഞു.

കൂടംകുളം പദ്ധതിയുടെ സുരക്ഷാപ്രശ്‌നങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതി എന്നിവയ്ക്ക് ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയാണെന്നും സമരസമിതി പറഞ്ഞു.

കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നുംതന്നെ കേന്ദ്രസര്‍ക്കാറോ പ്രധാനമന്ത്രിയോ മറുപടി പറഞ്ഞിട്ടില്ല.

യു.പി.എ. സര്‍ക്കാറിന്റെ ഏറ്റവും വലിയ പദ്ധതിയാണിത്. 350 കോടി രൂപയുടെ ഭെല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് ഇന്ന് പ്രധാനമന്ത്രി തിരുച്ചിയിലെ തിരുമയ്യത്തെത്തുന്നുണ്ട്.

എന്നാല്‍, 17,000 കോടി രൂപയുടെ കൂടംകുളം പദ്ധതി ഉദ്ഘാടനംചെയ്യാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാവാത്തതെന്ന് സമരസമിതി ചോദിച്ചു.