| Saturday, 13th October 2012, 8:00 am

കലാമിന്റെ കേരള സന്ദര്‍ശനം; കോഴിക്കോട് ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് ആണവവിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുന്‍ പ്രസിഡന്റും ശാസ്ത്രജ്ഞനുമായ അബ്ദുല്‍ കലാം ത്യന്തം അപകടകാരിയായ ആണവനിലയത്തിന് അനുമതി നല്‍കിയത് അപലപനീയമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.[]

കൂടംകുളത്ത് രണ്ടാമതൊരുരുചെര്‍ണൊബിലോ ഫുകുഷിമയോ സംഭവിക്കുകയാണെങ്കില്‍ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും പുനരധിവാസത്തിനും ആവശ്യപ്പെടാന്‍ കലാം തയ്യാറാകുമോ എന്നും അവര്‍ ചോദിച്ചു. ചെര്‍ണോബില്‍ ഫുകുഷിമ തുടങ്ങിയ ആണവ ദുരന്തങ്ങള്‍ക്കിരയായ ആളുകള്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല എന്നിരിക്കെയാണ് കലാം പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വികസിത രാജ്യങ്ങളൊക്കെ ആണവ സാങ്കേതിക വിദ്യയെ ഉപേക്ഷിച്ച് കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കലാമിന്റെ പിന്തുണ എന്നത് കേരളം, തമിഴ്‌നാട്, ശ്രീലങ്ക തുടങ്ങി കൂടംകുളം ആണവനിലയത്തിന്റെ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സംശയാലുക്കളാക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ജനങ്ങളുടെ പ്രതിനിധി എന്ന നിലക്ക് കലാം കൂടംകുളത്തെ ജനങ്ങളുമായി സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ ആരായാനോ ഉള്ള സാമാന്യ മര്യാദപോലും കാണിക്കാതെയാണ് നിലയത്തിന് ക്ലീന്‍ചീട്ട് നല്‍കിയിരിക്കുന്നത്. ആണവ അവശിഷ്ടങ്ങളെ സുരക്ഷിതമായി നിര്‍വീര്യമാക്കുന്നതിന് ലോകത്തിലെ ഒരു ശാസ്ത്രജ്ഞനും അനിയോജ്യമായ സംവിധാനം കണ്ടുപിടിച്ചിട്ടില്ല എന്നിരിക്കെ അദ്ദേഹം ശാസ്ത്രത്തിനോടെങ്കിലും സാമാന്യ ആദരവ് പുലര്‍ത്തേണ്ടതായിരുന്നു. ആണവ അവശിഷ്ടങ്ങള്‍ മനുഷ്യരുടെയും മറ്റു ജീവജാലകങ്ങളുടെയും ആവാസ വ്യവസ്ഥയ്ക്ക് വര്‍ഷങ്ങളോളം ഭീഷണി സൃഷ്ടിക്കുമെന്ന് ശാസ്ത്രം തെളിയിച്ചതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ സാങ്കേതികവിദ്യയേയും കാറ്റ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയേയും പിന്തുണച്ച കലാമിന്റെ നടപടിയെ സമരക്കാര്‍ സ്വാഗതം ചെയ്തു. പക്ഷേ, കൂടംകുളത്തെ ജനങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള അടിസ്ഥാന ബാധ്യത പുലര്‍ത്താതെ ഇത്തരം സാങ്കേതിക വിദ്യയെ  പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെത്തിയത് അത്യന്തം ദയനീയമാണ്. യഥാര്‍ത്ഥ കലാം ആര്? സുസ്ഥിര ഊര്‍ജ്ജത്തെ പിന്തുണക്കുന്ന ആളോ, അതോ അസ്ഥിര ഊര്‍ജ്ജത്തെ പിന്തുണക്കുന്ന ആളോ എന്നും പ്രതിഷേധക്കാര്‍ ചോദിച്ചു.

കൂടംകുളം ആണവനിലയ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് കെ.പി. ശശി, ഇ.കെ. ശ്രീനിവാസന്‍, രമേശ് ബാബു, എം. ജിഷ, സി.എം. ശെരീഫ്, ശ്രീമിത്ത്് ശേഖര്‍, വിജയ രാഘവന്‍ ചേലിയ, റഷീദ് മക്കട, മനേഷ് കെ. എന്നിവര്‍ നേതൃത്വം നല്‍കി.

We use cookies to give you the best possible experience. Learn more