ന്യൂദല്‍ഹി: കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് വീണ്ടും നീട്ടി വെച്ചു. ഒരുമാസത്തേക്കാണ് നീട്ടി വെച്ചിരിക്കുന്നത്. ആണവനിലയത്തിന്റെ സംരക്ഷണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കമ്മീഷന്‍ നീട്ടി വെച്ചത്.[]
രാജ്യത്തിന്റെ ഭാവി ആവശ്യത്തിനായി ആണവനിലയം അത്യന്താപേക്ഷിതമാണെന്നായിരുന്നു സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. നിലയത്തിന്റെ സുരക്ഷയ്ക്കായി 15 മാനദണ്ഡങ്ങളും നിര്‍ദേശിച്ചിരുന്നു.
രാജ്യത്തിന്റെ പൊതു താത്പര്യത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും നിലയം അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി കഴിഞ്ഞ 25 വര്‍ഷമായി നിലയത്തിനെതിരെ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന വധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്.
നിലയത്തിന്റെ സുരക്ഷ, പരിസ്ഥിതി ആഘാതം, ഉപകരണങ്ങളുടെ ഗുണനിലവാരം എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
മെയ് ആറിനായിരുന്നു സുപ്രീം കോടതി നിലയം കമ്മീഷന്‍ ചെയ്യുന്നതിന് ഉത്തരവ് നല്‍കിയത്. അതേസമയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഐ.ഐ.ടി. മദ്രാസ്, ഐസര്‍, ഐ.എ.സി.എസ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഐ.യു.സി.എ.എ. എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ആറ്റമിക് ഊര്‍ജവകുപ്പ് സെക്രട്ടറിക്കും കത്തയച്ചിരുന്നു.