[]ചെന്നൈ: കൂടംകുളം ആണവനിലയത്തിന് സമീപം ഇടിന്തൈകരയില്‍ സ്‌ഫോടനം നടന്നത് ബോംബ് നിര്‍മാണത്തിനിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആണവനിലത്തിന് 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള സുനാമി കോളനിയിലെ ഒരു വീട്ടിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിക്കുകയും ചെയ്തിരുന്നു.
വീട്ടില്‍ നിന്ന് പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്തെ മണല്‍ മാഫിയകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് സംഭവം നടന്നതെന്നാണ് സൂചന.
ഇതിനെ തുടര്‍ന്ന് സമരസമിതിക്കെതിരെ എടുത്ത കേസുകളെല്ലാം പിന്‍വലിച്ചു. കണ്‍വീനര്‍ എസ്.പി ഉദയകുമാര്‍, നേതാക്കളായ പുഷ്പരായന്‍, മുകിലന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ഉദയകുമാര്‍ പ്രതികരിച്ചത്.
ഇടിന്തൈകരയ്ക്ക് സമീപത്തുള്ള കൂന്തക്കുഴി ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ മാസങ്ങളായി അക്രമം നടക്കുന്നുണ്ട്. ഇതില്‍ ഒരു വിഭാഗം അടുത്തിടെ സുനാമി കോളനിയിലേയ്ക്ക് താമസം മാറിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മണല്‍ മാഫിയയില്‍പെട്ട മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ രണ്ട് പേര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റവരാണ്. മൂന്നാമന്‍ മരിച്ചയാളുമാണ്.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി തിരുനെല്‍വേലി എസ്.പി വിജയേന്ദ്ര ബിദരി അറിയിച്ചു.
അതേസമയം ആണവനിലയത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.