ന്യൂദല്‍ഹി: ട്വിറ്ററില്‍ നിന്ന് അക്കൗണ്ട് റദ്ദായ നടി കങ്കണയെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘കൂ’വിലേക്ക് സ്വാഗതം ചെയ്ത് ആപ്പ് നിര്‍മ്മാതാക്കള്‍. ആപ്പ് നിര്‍മ്മാതാക്കളില്‍ ഒരാളും കമ്പനിയുടെ സി.ഇ.ഒയുമായ അപ്രാമേയ രാധാകൃഷ്ണനാണ് കങ്കണയെ സ്വാഗതം ചെയ്തത്.
ഫെബ്രുവരിയില്‍ നടി കൂ ആപ്പില്‍ പങ്കുവെച്ച പോസ്റ്റ് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അപ്രാമേയ നടിയെ സ്വാഗതം ചെയ്തത്. മറ്റെല്ലാം വാടകയ്ക്കെടുക്കുമ്പോള്‍ കൂ തന്റെ സ്വന്തം വീട് പോലെയാണ് എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
‘നിങ്ങളുടെ അഭിപ്രായം അഭിമാനത്തോടെ പങ്കിടുക’ എന്നാണ് നടിയോട് കൂ ആപ്പിന്റെ മറ്റൊരു സ്ഥാപകനായ മായങ്ക് പറഞ്ഞത്.
ശബ്ദം ഉയര്‍ത്താന്‍ തനിക്ക് നിരവധി പ്ലാറ്റ്‌ഫോമുകളുണ്ടെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. ”അവര്‍ അമേരിക്കക്കാരാണെന്ന് ട്വിറ്റര്‍ തെളിയിച്ചിട്ടുണ്ട്, ജനിച്ചതോടെ ഒരു വെളുത്ത വ്യക്തിക്ക് തവിട്ടുനിറമുള്ള ഒരാളെ അടിമകളാക്കാന്‍ അര്‍ഹതയുണ്ടെന്ന് തോന്നുന്നു, എന്താണ് ചിന്തിക്കേണ്ടതെന്നും സംസാരിക്കണമെന്നും എന്തുചെയ്യണമെന്നും അവര്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു” എന്നും കങ്കണ പറഞ്ഞിരുന്നു.
ട്വിറ്ററിന് സമാനമായ ഫീച്ചറുകളുള്ള കൂ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ ആപ്പാണ്. ട്വിറ്ററിനെതിരായ നീക്കത്തിനിടെ കേന്ദ്രം തന്നെയാണ് കൂവിനെ ട്വിറ്ററിന് ബദല്‍ മാര്‍ഗമായി കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.
അതേസമയം കൂവില്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ റോബര്‍ട്ട് ബാപ്റ്റിസ്റ്റണ്‍ തെളിവ് സഹിതം ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. ബംഗാളില്‍ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടര്‍ന്നായിരുന്നു നടപടി. ബംഗാളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് ‘2000ത്തില്‍ ഗുജറാത്തില്‍ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനര്‍ജിയെ മെരുക്കു’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
അതേസമയം കങ്കണയ്‌ക്കെതിരെ ട്വിറ്റര്‍ സ്വീകരിച്ച നടപടി ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി ആളുകളാണ് കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയത്. മീമുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഭൂരിഭാഗവും കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക