തിരുവല്ല: സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാര്‍. ഭയം സൃഷ്ടിച്ച് ആളുകളെ പാര്‍ട്ടിയിലേക്ക് കൂട്ടുകയാണ് ബി.ജെ.പിയുടെ രീതിയെന്ന് ജനീഷ് കുമാര്‍ പറഞ്ഞു.
കേസിലെ മുഖ്യപ്രതി ജിഷ്ണു ബി.ജെ.പി പ്രവര്‍ത്തകന്‍ സന്ദീര് വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോ ഉള്‍പ്പെടെ തള്ളി പറയാനും ബി.ജെ.പി മടിക്കില്ലെന്ന് ജനീഷ് പറഞ്ഞു.
എന്നാല്‍ ബി.ജെ.പി പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങള്‍ സന്ദീപിന്റെ കുടുംബത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ജനീഷ് പറഞ്ഞു.
കൊലപാതകം നടത്തിയത് അറസ്റ്റിലായ അഞ്ചുപേര്‍ ചേര്‍ന്നാണെന്നുള്ളത് വിശ്വസിക്കാനാവില്ലെന്നും ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജനീഷ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ജെ.പിയിലെ പല നേതാക്കളും പത്തനംതിട്ടയില്‍ ഉണ്ടായിരുന്നുവെന്നും ഒരു രാത്രി തിരുവല്ലയില്‍ നടന്ന ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നും ജനീഷ് പറഞ്ഞു.
രാഷ്ട്രീയത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സന്ദീപിന്റെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ടായിരുന്നവെന്നും ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത സന്ദീപിനെ കൊലപ്പെടുത്തണമെങ്കില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാവുമെന്നും ജനീഷ് പറഞ്ഞു.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സി.പി.ഐ.എമ്മുമായി ബന്ധമുണ്ടെന്ന് പറയുന്നത് ആര്‍.എസ്.എസിന്റെ ആരോപണം മാത്രമാണെന്നും ജനീഷ് പറഞ്ഞു.
അതേസമയം, ജിഷ്ണുവിന്റെ രാഷ്ട്രീയം വെളിവാക്കുന്ന കൂടുതല്‍ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്നും കിട്ടിയിട്ടുണ്ട്. ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണെന്നുള്ള കാര്യം ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്.
കഞ്ചാവ് കേസിലും ബി.ജെ.പി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിലും ജിഷ്ണു ജയിലില്‍ കിടന്നിട്ടുണ്ട്. നാല് പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ കേസുകളും ഉണ്ട്.
സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്റെ വാദം സി.പി.ഐ.എം തള്ളിയിരുന്നു. സംഭവത്തില്‍ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി എട്ടിന് നെടുമ്പ്രം ഭാഗത്ത് വെച്ചാണ് പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്.
ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു.