കുട്ടവഞ്ചിയില്‍ ജലസവാരി,കരിവീരന്മാരുടെ കൂട്ടും; ഫാമിലി ട്രിപ്പിന് കോന്നി
Travel Diary
കുട്ടവഞ്ചിയില്‍ ജലസവാരി,കരിവീരന്മാരുടെ കൂട്ടും; ഫാമിലി ട്രിപ്പിന് കോന്നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 11:25 pm

പൊന്നുടോമി

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ  ആകര്‍ഷണമാണ് കോന്നി ആനവളര്‍ത്തല്‍ കേന്ദ്രവും    അടവി ഇക്കോ ടൂറിസവും.  അച്ചന്‍കോവിലാറിന്റെ കരയില്‍  സ്ഥിതിചെയ്യുന്ന ജൈവസന്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസര്‍വ്വ് വനങ്ങളില്‍   ഒന്നുകൂടിയാണിത്.
ആനപരിശീലനകേന്ദ്രമെന്ന  പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജ്ജിച്ച കോന്നി  വിനോദ സഞ്ചാരികള്‍ക്ക്   ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ  സവിശേഷതകള്‍  കൊണ്ട് തന്നെയാണ്.
ആനകളെ കാണാനും അവയെപ്പറ്റി  കൂടുതല്‍   അറിയാനും പഠിക്കാനും സാധിക്കുന്ന ഒരു പാഠശാല  എന്നുവേണമെങ്കില്‍   കോന്നിയെ വിളിക്കാം.
കുട്ടിയാനകള്‍ മുതല്‍ പ്രായമായ  ആനകള്‍ വരെ ഇവിടെ സംരക്ഷിക്കപ്പെടുന്നു.  മാത്രമല്ല ആനകളുടെ  ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയവും പ്രവര്‍ത്തിക്കുന്നു#്.
ആനസവാരി, ആനയൂട്ട്, തുടങ്ങി ഇവിടെയെത്തുന്ന  വിനോദസഞ്ചാരികള്‍ക്കായി    നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ട്രെക്കിംഗ്, റോക്ക് ക്ലൈന്പിംഗ് വന്യജീവി നീരിക്ഷണം, പക്ഷിനിരീക്ഷണം  എന്നിവയ്ക്കുള്ള  സൗകര്യവും വനം വകുപ്പ്  ഒരുക്കിയിട്ടുണ്ട്.
കോന്നിയില്‍നിന്നും നേരെ അടവിയിലേയ്ക്ക് പോകാം. കോന്നി   റിസര്‍വ്വ്    വനങ്ങളുടെ ഭാഗമായ അടവി  നിബിഡ വനങ്ങളാല്‍    സന്പന്നമാണ്. കല്ലാറിന്റെ കരയിലായി  സ്ഥിതി ചെയ്യുന്ന പേരുവാലി  മുതല്‍   അടവി വരെയുള്ള 5 കിലോമീറ്റര് നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും  നല്‍കാന്‍    കഴിയാത്ത  കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്.
കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ  ആകര്‍ഷണം. കേരളത്തില്‍  ആദ്യമായി കുട്ടവഞ്ചി  ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്. ഒരു  വഞ്ചിയില്‍  ഒരു സമയം 4  മുതല്‍   6പേര്‍ക്ക്  വരെ സഞ്ചരിക്കാനാകും. ഒരാള്‍ക്ക്   200 രൂപയാണ് ഫീസ്. ഒറ്റദിവസം കൊണ്ട് തന്നെ കോന്നി  ആനവളര്‍ത്തല്‍ കേന്ദ്രവും    അടവിയും  സന്ദര്‍ശിച്ചു മടങ്ങാം.
കൊല്ലത്തുനിന്നും   കൊട്ടാരക്കരയില്‍ നിന്നുമെല്ലാം കെഎസ് ആര്‍ ടിസി  അടക്കം ധാരാളം ബസ്  സര്‍വ്വീസ്   കോന്നിയിലേയ്ക്ക് ഉണ്ട്. കടുത്ത വേനല്‍ക്കാലത്ത്   അടവി ഇക്കോ ടൂറിസം കേന്ദ്രം  അടച്ചിടുന്നതിനാല്‍  യാത്ര ഒഴിവാക്കാം. രാവിലെ 9 മുതല് വൈകിട്ട് 5 വരെയാണ് പ്രവര്ത്തന സമയം,.