Kerala News
കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതാണോ മത്സരിക്കാനുള്ള അധിക യോഗ്യത? അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 01, 06:37 am
Monday, 1st March 2021, 12:07 pm

പത്തനംതിട്ട: കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ‘കോണ്‍ഗ്രസ് സംരക്ഷണ വേദി’യുടേതെന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

റോബിന്‍ പീറ്റര്‍, അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്ററെ കോന്നിക്ക് ആവശ്യമില്ലെന്നുമാണ് പോസ്റ്ററില്‍ എഴുതിയത്.

ആറ്റിങ്ങല്‍ എം. പിയുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിക്ക് വേണ്ട, കോന്നിയിലെ കോണ്‍ഗ്രസിനെ രക്ഷിക്കണം. കെ.പി.സി.സി ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.

 

റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത ചര്‍ച്ചകളാണ് വീണ്ടും വിവാദത്തിന് കാരണമാക്കിയിരുന്നത്. കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററെ അടൂര്‍ പ്രകാശ് നിര്‍ദേശിച്ചെങ്കിലും ഒരു വിഭാഗം എതിര്‍ത്തതിനാല്‍ എ. മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥിയായ എ. മോഹന്‍രാജിനെ എന്‍.എസ്.എസ് സ്ഥാനാര്‍ത്ഥിയാണെന്ന് രീതിയില്‍ അടൂര്‍ പ്രകാശ് അവതരിപ്പിച്ചു. ഇതുവഴി കോന്നിയില്‍ ഭൂരിപക്ഷ സമുദായ ഏകീകരണം ഉണ്ടായി. അടൂര്‍ പ്രാകാശ് എം.പിയുടെ നേതൃത്വത്തില്‍ നടന്ന കാലുവാരല്‍ ആണ് മോഹന്‍രാജിന്റെ പാരാജയത്തിന് കാരണം എന്നിട്ടും പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ഡി.സി.സി പരാതിപ്പെട്ടിരുന്നു.

സമാനമായ രീതിയില്‍ ഇത്തവണയും റോബിന്‍ പീറ്ററിനായി എം.പി ഇടപെടുന്നുവെന്നാണ് പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം.

ഇതിനെതിരെ പത്തനംതിട്ട ഡി.സി.സി പരസ്യ പ്രതികരണവുമായി നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചവര്‍ക്കുള്ള അംഗീകാരമാകുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

പോസ്റ്ററിലും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്. പ്രമാടം പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണത്തിന് എത്തിച്ചു കൊടുത്തത് അധിക യോഗ്യതയാണോ? കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യതയെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.

കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ പലയിടത്തും ഉള്ള പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Konni DCC posters against Adoor Prakash and Robin Peter