| Tuesday, 26th October 2021, 4:25 pm

കൊണ്ടോട്ടി പീഡനശ്രമം; പതിനഞ്ചുകാരന്‍ കായികതാരം, പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ആക്രമിച്ചതെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊണ്ടോട്ടി പീഡനശ്രമക്കേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് ജില്ലാ പൊലീസ് മേധാവി. ജില്ലാ തലത്തില്‍ ജൂഡോ ചാമ്പ്യനായ പതിനഞ്ചുകാരന്‍ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഈ പെണ്‍കുട്ടിയ്ക്ക് ഇയാളില്‍ നിന്ന് ആക്രമണമുണ്ടായിട്ടില്ലെന്നും എസ്.പി പറഞ്ഞു.

പീഡനശ്രമത്തിനിടെ ആണ്‍കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് ചെളിയും മുറിവുമുണ്ടായിരുന്നു. നായ ഓടിച്ചുവെന്നാണ് വീട്ടില്‍ പറഞ്ഞത്.

ആണ്‍കുട്ടിയുടെ വസ്ത്രം വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തില്‍ നന്നായിട്ട് അമര്‍ത്തിയിട്ടുണ്ട്. തലയ്ക്ക് കല്ലുകൊണ്ടടിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതിനാലാണ് ജീവന് ഭീഷണിയില്ലാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ വീടും പതിനഞ്ചുകാരന്റെ വീടും തമ്മില്‍ ഒന്നരകിലോ മീറ്ററോളം ദൂരമുണ്ട്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നാണ് ആക്രമിച്ചതെന്നും എസ്.പി പറഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊട്ടൂക്കര അങ്ങാടിക്ക് സമീപമായിരുന്നു സംഭവം.

വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും 15കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kondotty Rape Attempt case Police say accused Judo Champion

Latest Stories

We use cookies to give you the best possible experience. Learn more