മലപ്പുറം: ലെസ്ബിയന്‍ പങ്കാളിയായ അഫീഫയുടെ ജീവന്‍ അപകടത്തിലാണെന്ന സുമയ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് മന്ത്രി ആര്‍. ബിന്ദു. മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ കസ്റ്റഡിയില്‍ നിന്ന് അഫീഫയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഈ വീഡിയോയും വാര്‍ത്തയും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് വിവരങ്ങള്‍ തേടുകയായിരുന്നു. വിഷയത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ടെന്നും അഫീഫയുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
പങ്കാളിയായ അഫീഫയെ കുടുംബം ബലംപ്രയോഗിച്ച് തടഞ്ഞുവെച്ചെന്ന് കാട്ടി പങ്കാളി സുമയ്യ ഷരീഫ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അഫീഫയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. അവളെ ബന്ധുക്കള്‍ മനോരോഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നടത്തിയെന്നും ആരോപണമുണ്ട്. കുട്ടിക്ക് നേരെ ശാരീരികോപദ്രവവും ഉണ്ടായതായി സുമയ്യ പറയുന്നുണ്ട്.
അഫീഫ വീട്ടില്‍ സുരക്ഷിതയല്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വണ്‍സ്റ്റോപ്പ് സെന്ററില്‍ നിന്നുള്ളവരും വനിതാ പൊലീസുമടക്കം കൊണ്ടോട്ടിയിലെ വീട്ടിലേക്ക് എത്തിയിരുന്നു. ഇവര്‍ക്കൊപ്പം പങ്കാളിയെ കാണാനായി അഫീഫ കാറില്‍ കയറുന്നത് കുടുംബക്കാര്‍ തടയുകയും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു.
അഫീഫയെ വീട്ടുകാര്‍ വേറെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. പൊലീസുകാര്‍ ഈ വാഹനം പിന്തുടര്‍ന്നെങ്കിലും അഫീഫയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് അഫീഫയുടെ കുടുംബത്തോട് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശം നല്‍കി.
മൂന്ന് ദിവസം മുമ്പാണ് തന്റെ ജീവന്‍ ഭീഷണിയിലാണെന്ന് കാട്ടി അഫീഫ സുമയ്യക്ക് സന്ദേശമയക്കുന്നത്. കുടുംബത്തിന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും സന്ദേശങ്ങള്‍ അയക്കുന്നത് നിന്നാല്‍ തന്നെ അന്വേഷിച്ച് വീട്ടില്‍ വരണമെന്നും അഫീഫ സുമയ്യക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ അഫീഫയെ കുടുംബം തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് സുമയ്യ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ അഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞതെന്ന് പിന്നീട് അഫീഫ സുമയ്യയെ അറിയിച്ചു.