ലക്ഷ്യത്തില്‍ കൊള്ളാതെ കൊണ്ടല്‍
Entertainment
ലക്ഷ്യത്തില്‍ കൊള്ളാതെ കൊണ്ടല്‍
അമര്‍നാഥ് എം.
Friday, 13th September 2024, 3:44 pm

കഴിഞ്ഞ ഓണത്തിന് സര്‍പ്രൈസ് ഹിറ്റ് തന്നുപോയ പെപ്പെ ഈ ഓണത്തിനും മറ്റൊരു ആക്ഷന്‍ ചിത്രവുമായി എത്തുന്നു എന്ന് കേട്ടപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. ഒപ്പം കന്നഡയിലെ മികച്ച നടനമാരില്‍ ഒരാളായ രാജ് ബി. ഷെട്ടിയും കൊണ്ടലിന്റെ ഭാഗമാകുന്നു എന്നറിഞ്ഞപ്പോള്‍ പ്രതീക്ഷ ഇരട്ടിച്ചു. ആര്‍.ഡി.എക്‌സ് പോലെ ആക്ഷന്‍ ചിത്രം കാണാന്‍ കയറിയ പ്രേക്ഷകരുടെ പ്രതീക്ഷ സിനിമ കാത്തില്ല.

മലയാളസിനിമയില്‍ ഇതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. എന്നാല്‍ പഴകിത്തേഞ്ഞ കഥ സിനിമയെ പിന്നോട്ടടിച്ചു. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഒരു സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിനോടും പ്രേക്ഷകര്‍ക്ക് കണക്ഷന്‍ തോന്നില്ല. ചിത്രത്തിലെ ആക്ഷന്‍ ബ്ലോക്കുകള്‍ പോലും യാതൊരു ഇംപാക്ടും ഉണ്ടാക്കിയില്ല എന്നതാണ് നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം.

കഥാപാത്രങ്ങളെ പരിചയപ്പെടുത്താന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തത് ക്ഷമ പരീക്ഷിച്ചു. ഇന്റര്‍വെലിന് ശേഷം വരുന്ന ആക്ഷന്‍ സീനിനുള്ള ടെന്‍ഷന്‍ ബില്‍ഡിങ് ഉണ്ടാക്കിയെടുക്കാനും അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. കടലിന്റെയും സ്രാവിന്റെയും വി.എഫ്.എക്‌സ് ചിലയിടത്ത് മികച്ചതായപ്പോള്‍ ചിലയിടത്ത് മോശമായി തോന്നി.

അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് നോക്കിയാല്‍ പെപ്പെ മുന്‍ ചിത്രങ്ങളിലേത് പോലെ ഈ സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയില്‍ ഫ്‌ളാഷ്ബാക്ക് പറയുന്ന സീനിലെ പ്രകടനം പെപ്പെയിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ജൂഡും മികച്ചതായിരുന്നു. ഞെട്ടിച്ചത് നന്ദുവാണ്. സ്പിരിറ്റിലെ മണിയന് ശേഷം പെര്‍ഫോമന്‍സ് കൊണ്ട് നന്ദു സിനിമ തന്റെ പേരിലാക്കി. അയാളില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനമായിരുന്നു ഈ സിനിമയില്‍ നിന്ന് ലഭിച്ചത്.

സ്ത്രീ കഥാപാത്രങ്ങള്‍ക്കൊന്നും പ്രാധാന്യമില്ലാത്ത ചിത്രത്തില്‍ നായികമാരുടെ പ്രകടനമൊന്നും ഓര്‍മയില്‍ നില്‍ക്കാത്തതുകൊണ്ട് അതിനെക്കുറിച്ച് പറയുന്നില്ല. ശരത് സഭ, മണികണ്ഠന്‍ ആചാരി, രാഹുല്‍ രാജഗോപാല്‍ എന്നിവരും അവരവരുടെ വേഷം ഗംഭീരമാക്കി. കന്നഡയിലെ മികച്ച നടന്മാരില്‍ ഒരാളായ രാജ് ബി. ഷെട്ടി ഈ സിനിമയില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കിയില്ല. മലയാളത്തിലെ മറ്റേതെങ്കിലും നടന് ചെയ്യാവുന്ന റോളായിരുന്നു ഈ സിനിമയിലെ ഡാനി.

സാം സി.എസ് ഒരുക്കിയ ഗാനങ്ങള്‍ ശരാശരിക്ക് മുകളിലായി തോന്നിയപ്പോള്‍ ബി.ജി.എം ഗംഭീരമായി. ആക്ഷന്‍ സീനുകള്‍ക്ക് ചെറുതായിട്ടെങ്കിലും ഹൈ മൊമന്റ് നല്‍കിയതില്‍ ബി.ജി.എം വഹിച്ച പങ്ക് ചെറുതല്ല. ക്ലൈമാക്‌സ് ഫൈറ്റിന് കൊടുത്ത ബി.ജി.എം അതിഗംഭീരമായിരുന്നു. ദീപക് ഡി. മേനോന്റെ ഫ്രെയിമുകളും നന്നായി തോന്നി. വിക്രം മൂര്‍, കലൈ കിങ്‌സണ്‍, തവസി രാജ് എന്നിവരൊരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ മികച്ചതായി തോന്നി.

കാലാകാലങ്ങളായി മലയാളസിനിമയില്‍ പറഞ്ഞു പഴകിയ ഒരു കഥയുടെ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന അവതരണമായിട്ടാണ് കൊണ്ടല്‍ കണ്ടപ്പോള്‍ തോന്നിയത്. നാലഞ്ച് ആക്ഷന്‍ സീനുകള്‍ കാണിച്ചാല്‍ ആക്ഷന്‍ സിനിമയാകില്ല. സിനിമ കാണുന്നവര്‍ക്ക് ഓരോ ഫൈറ്റ് സീനും കണക്ടാകുമ്പോഴാണ്  ചിത്രം വിജയിക്കുന്നത്. ആക്ഷന്‍ സിനിമ എന്ന ഴോണറില്‍ സിനിമ ചെയ്യുന്ന പലര്‍ക്കും പാളുന്നതും ഈയൊരു കാര്യത്തിലാണ്.

Content Highlight: Kondal movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം