ഞാന്‍ സമസ്തക്കാരന്‍, മാപ്പ്: സുപ്രഭാതം കത്തിച്ചതില്‍ മാപ്പപേക്ഷിച്ച് കോമുക്കുട്ടി ഹാജി
Kerala News
ഞാന്‍ സമസ്തക്കാരന്‍, മാപ്പ്: സുപ്രഭാതം കത്തിച്ചതില്‍ മാപ്പപേക്ഷിച്ച് കോമുക്കുട്ടി ഹാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2024, 2:55 pm

മലപ്പുറം: സുപ്രഭാതം ദിനപത്രം തെരുവിലിട്ട് കത്തിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് പത്രം അഗ്നിക്കിരയാക്കിയ മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി കോമുക്കുട്ടി ഹാജി. പത്രം കത്തിച്ചത് എല്ലാവര്‍ക്കും വിഷമുണ്ടാക്കിയതായി അറിയാമെന്നും താന്‍ എന്നും സമസ്തക്കാരനായി തന്നെ നിലകൊള്ളുമെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായും കോമുക്കുട്ടി ഹാജി പറഞ്ഞു. സമസ്തയിലല്ലാതെ മറ്റൊരു സംഘടനയിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 20നാണ് കൊടിഞ്ഞി സ്വദേശിയായ കോമുക്കുട്ടി ഹാജി സുപ്രഭാതം ദിനപത്രം അഗ്നിക്കിരയാക്കിയത്. പത്രത്തിന്റെ ഒന്നാം പേജില്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യം അച്ചടിച്ചുവന്നതാണ് ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇത് വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി സുപ്രഭാതവും എസ്.കെ.എസ്.എസ്.എഫും രംഗത്തെത്തുകയും ചെയ്തിരുന്നു. പത്രത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ട ചിലര്‍ക്കുണ്ടെന്നാണ് എസ്.കെ.എസ്.എസ്.എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

സുപ്രഭാതത്തിന്റെ വായനക്കാര്‍ ഏതെങ്കിലും സമുദായങ്ങളില്‍ പെട്ടവരോ പ്രത്യേക കക്ഷിയിലുള്ളവരോ മാത്രമല്ല. എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളിലെയും വാര്‍ത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നല്‍കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

സുപ്രഭാതത്തിന്റെ പിറവിക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണിത്. മുന്‍ തെരഞ്ഞെടുപ്പുകളിലും ഇത്തരം പരസ്യങ്ങള്‍ സുപ്രഭാതം നല്‍കിയിട്ടുണ്ട്. ഇത് എല്ലാ പത്രങ്ങളും സ്വീകരിക്കുന്ന മാര്‍ഗമാണ്. എല്ലാ മുന്നണികളും വിവിധ മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കാറുണ്ട്.

മാനേജ്മെന്റിന്റെ പോളിസി അനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് സുപ്രഭാതത്തിന് തടസ്സമില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോമുക്കുട്ടി ഹാജി സംഭവത്തില്‍ മാപ്പപേക്ഷിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

കോമുക്കുട്ടി ഹാജിക്ക് പുറമെ വിവിധയിടങ്ങളില്‍ ഇതേ കാരണത്താല്‍ സുപ്രഭാതം ദിനപത്രം കത്തിച്ചതായാണ് വിവരങ്ങള്‍. വിവിധയിടങ്ങളില്‍ നിന്നുമുള്ള ഇത് സംബന്ധിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

content highlights: Komukutty Haji apologizes for burning Suprabhaatham Daily