| Saturday, 7th December 2019, 12:47 pm

അവര്‍ ഭരണഘടനയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്; ആര്‍.എസ്.എസിനെതിരെ ജസ്റ്റിസ് കോല്‍സെ പാട്ടീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭരണഘടനയെ തകര്‍ക്കുകയാണ് ആര്‍.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി.ജെ കോല്‍സെ പാട്ടീല്‍. ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും മതത്തിന്റെയോ ദൈവത്തിന്റെയോ പേരിലല്ല, ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരാണ് ഭരണഘടനയ്ക്കാധാരം എന്നും ജസ്റ്റിസ് പാട്ടീല്‍ വിശദീകരിച്ചു.

‘രാജ്യത്തിന്റെ അതിര്‍ത്തികളല്ല, ഇന്നാട്ടിലെ ജനങ്ങളാണ് ഇന്ത്യ. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നിരന്തരമായി ആര്‍.എസ്.എസ് നടത്തിപോരുന്നത്’- പാട്ടീല്‍ പറഞ്ഞു.

എല്ലാ അധികാര കേന്ദ്രങ്ങളിലും അവര്‍ പിടി മുറുക്കിയിരിക്കുകയാണെന്നും പ്രധാനമായും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവയെയെല്ലാം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു.

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ അനുസ്മരണാര്‍ത്ഥം രണ്ടുദിവസമായി സംഘടിപ്പിക്കുന്ന പ്രദീപ്ത സ്മരണ എന്ന പരിപാടി എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വിവിധ പരിപാടികളിലായി പി.എന്‍ ഗോപീകൃഷ്ണന്‍, വീരാന്‍കുട്ടി, ഡോ. ആര്‍ രാംകുമാര്‍, ശ്രീജിത് ശിവരാമന്‍, ഡോ. ടി.വി മധു, ലിസി തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more