മംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സംഘപരിവാര്‍ ശക്തികള്‍ കലാപം ഇളക്കിവിടുമ്പോള്‍ കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രമായ കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ ടിപ്പുവിന്റെ പേരില്‍ ദിവസപൂജ നടത്തുന്നത് തുടരുകയാണ്.
“സലാം മംഗളരതി”, “പ്രദോഷ പൂജ” എന്നീ പേരുകളില്‍ മൂകാംബിക ക്ഷേത്രത്തില്‍ നിത്യവും വൈകുന്നേരം 7.30 ഓടെ നടത്തുന്ന പൂജ ടിപ്പു ക്ഷേത്രം സന്ദര്‍ശിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണെന്നാണ് വിശ്വസിക്കുന്നത്. സലാം മംഗളാരതി സംബന്ധിച്ച് പഴയ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളിലും പരാമര്‍ശമുണ്ട്.
ടിപ്പു സുല്‍ത്താനെ വര്‍ഗീയവാദിയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നവനും മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവനുമായി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ ശക്തികള്‍ തുടരുന്ന സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂകാംബിക ക്ഷേത്രത്തിലെ പ്രദോഷ പൂജ ടിപ്പുവിന്റെ ക്ഷേത്രസന്ദര്‍ശനത്തെ അനുസ്മരിച്ചുകൊണ്ടുള്ളതാണെന്ന വാര്‍ത്തകള്‍ വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസറായ ടി.ആര്‍ ഉമയെ ഉദ്ധരിച്ചുകൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
“വര്‍ഷങ്ങളായി തുടരുന്ന ആചാരമാണിത്. ടിപ്പു സുല്‍ത്താന്‍ മുകാംബിക ക്ഷേത്രം സന്ദര്‍ശിച്ചതിനെ അനുസ്മരിച്ചാണ് ഈ പൂജയെന്നാണ് വിശ്വാസം. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആദരവ് നല്‍കുന്നത് പാരമ്പര്യമാണിത്. വി.ഐ.പികള്‍ വരുമ്പോള്‍ ക്ഷേത്രത്തിലെ സ്റ്റാഫുകള്‍ അവരെ വരവേല്‍ക്കുന്നു. വി.ഐ.പികളുടെ സാന്നിധ്യത്തില്‍ ദേവിക്ക് മംഗളഭാരതി നടത്തുന്നു. ഇപ്പോള്‍ ഈ ആചാരം നടത്തുന്നത് വൈകുന്നേരം എക്‌സിക്യുട്ടീവ് ഓഫീസര്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോഴാണ്” എന്നാണ് ഉമ പറഞ്ഞത്.
കൊല്ലൂരില്‍ വരുമ്പോഴെല്ലാം ടിപ്പു സുല്‍ത്താന്‍ മൂകാംബിക ക്ഷേത്രത്തില്‍ വരുമായിരുന്നു. പ്രധാന ഗോപുരത്തിനു മുന്നിലെത്തുന്ന ടിപ്പു തന്റെ തലപ്പാവ് ഊരി ഇടതുകൈയില്‍ പിടിച്ച് വലതുകൈകൊണ്ട് മൂകാംബിക ദേവിക്ക് സല്യൂട്ട് അടിക്കുന്നതു പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ടിപ്പുവിനോടുള്ള ആദരസൂചകമായാണ് സലാം മംഗളാരതി ആരംഭിച്ചത്.
രാജാവിനെയും സര്‍ക്കാര്‍ പ്രതിനിധികളേയും ക്ഷേത്രങ്ങളില്‍ ആദരിക്കുകയെന്നത് സാധാരണ കാര്യമാണെന്നാണ് ചരിത്രകാരനായ ഉദയ് ബര്‍കര്‍ പറയുന്നത്. കൊല്ലൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ശങ്കരനാരായണ ക്ഷേത്രവും ടിപ്പു സന്ദര്‍ശിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു.
ടിപ്പു സുല്‍ത്താന്‍ ഹിന്ദുവിരുദ്ധനായിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും അഭിപ്രായപ്പെടുന്നു. “ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ഭരണാധികാരി എങ്ങനെ ഹിന്ദു വിരുദ്ധനാകും? ഒരു ദേശസ്‌നേഹിയെ നമുക്ക് എങ്ങനെ ദേശവിരുദ്ധനെന്നു വിളിക്കാനാവും? ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങളെ എതിര്‍ക്കുന്നവര്‍ ചരിത്രം വായിക്കണം. മതമെന്ന ഒറ്റക്കാരണം കൊണ്ട് ഷാരൂഖ് ഖാനെ വരെ ദേശവിരുദ്ധനായി ചിത്രീകരിച്ചു.” മുന്‍ കേന്ദ്രമന്ത്രി ജനാര്‍ദ്ദന്‍ പൂജാരി പറഞ്ഞു.
ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ചില മലയാള പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ വാദങ്ങളെ എതിര്‍ത്ത് ജന്മഭൂമി പത്രം രംഗത്തുവന്നിരുന്നു. ടിപ്പുവിനോടുള്ള ആദരസൂചകമായാണ് സലാം മംഗളാരതിയെന്ന വാദം ശരിയല്ലെന്നാണ് ജന്മഭൂമിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂകാംബിക ക്ഷേത്രത്തിലെ പൂജാവിധികള്‍ നിശ്ചയിച്ചത് ശങ്കരാചാര്യരാണെന്നും അതനുസരിച്ചാണ് ഇപ്പോഴും പൂജകള്‍ നടക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. “ക്ഷേത്ര ആചാരങ്ങള്‍ അറിയാവുന്നവര്‍ പറയുന്നത്” എന്നു പറഞ്ഞുകൊണ്ടാണ് ജന്മഭൂമി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.