കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ തന്നെ ഞായറാഴ്ച വിളിച്ചിരുന്നെന്ന് അമ്മ സജിത. അടുത്ത മാസം പരീക്ഷയാണെന്നും ഫീസടയ്ക്കാന്‍ പണം വേണമെന്നും പറഞ്ഞായിരുന്നു മകള്‍ വിളിച്ചിരുന്നതെന്ന് സജിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭര്‍ത്താവായ കിരണ്‍ കാശ് കൊടുക്കില്ലെന്നും ചോദിച്ചാല്‍ വഴക്ക് പറയുമെന്നുമാണ് മകള്‍ പറഞ്ഞതെന്നും സജിത പറഞ്ഞു.
സജിതയുടെ വാക്കുകള്‍:
ഞായറാഴ്ച ഉച്ചയ്ക്കാണ് എന്നെ വിളിക്കുന്നത്. അടുത്ത മാസം പരീക്ഷയാണ് ഫീസ് അടക്കാന്‍ കാശ് അക്കൗണ്ടിലിടാമോ എന്ന് ചോദിച്ചു. 5500 രൂപ വേണമായിരുന്നു. എന്റെ കൈയില്‍ അത്രയും പൈസ ഇല്ലല്ലോ കിരണിനോട് ചോദിച്ചാല്‍ തരില്ലേയെന്ന് ഞാന്‍ അവളോട് ചോദിച്ചു.
കിരണ്‍ പൈസയൊന്നും തരത്തില്ല. ചോദിച്ചാല്‍ വഴക്ക് പറയും എന്നായിരുന്നു മകള്‍ മറുപടി പറഞ്ഞത്. ഇതോടെ ഞാന്‍ ഉള്ളത് തിങ്കളാഴ്ച എങ്ങനെയെങ്കിലും അക്കൗണ്ടിലിടാം എന്ന് പറഞ്ഞു.
അവിടെ പ്രശ്‌നമുണ്ടാകുന്നു എന്ന കാര്യം രണ്ട് മൂന്ന് മാസമായി എന്നില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. അവിടെ എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കുകയായിരുന്നു.
മൂന്ന് മാസമായിട്ട് എന്നോട് മാത്രമെ കോണ്‍ടാക്ട് ഉള്ളൂ. അച്ഛനെയും സഹോദരനേയും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അമ്മയെയെങ്കിലും വിളിച്ചോട്ടെ എന്ന് പറഞ്ഞാണ് എന്നെ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്‌റൂമിലും താഴെയും ഒക്കെ പോയി ഒളിച്ചാണ് എന്നെ വിളിക്കുന്നത്.
എങ്ങനെയെങ്കിലും രാവിലെ ജോലിക്ക് ഇറങ്ങിപ്പോയാല്‍ മതി. നിങ്ങളെയെങ്കിലും വിളിക്കാല്ലോ എന്ന് മോള്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോഴും കിരണിന്റെ വീട്ടുകാര്‍ക്ക് മൗനമായിരുന്നു. വഴക്ക് കൂടിയാലും അത് ശ്രദ്ധിക്കാന്‍ പോകില്ലായിരുന്നു. കിരണിന്റെ അമ്മയാണെങ്കില്‍ മകന്റെ സൈഡാണ്.
ഒരു ദിവസം ചെള്ളയില്‍ അടിച്ച് (കവിളില്‍) വായയുടെ ഉള്ളില്‍ മുറിഞ്ഞ് ഫോട്ടോയൊക്കെ വിസ്മയ അയച്ചു തന്നിരുന്നു.
ഇത്രയും ക്രൂരമായിട്ടൊക്കെ അടിക്കുമ്പോള്‍ ഇങ്ങോട്ട് പോന്നോയെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവിടെ വന്ന് നിന്നാല്‍ നാട്ടുകാര്‍ അതും ഇതും പറയത്തില്ലേ, എങ്ങനെയെങ്കിലും ഞാന്‍ ഇവിടെ പിടിച്ചുനില്‍ക്കാം എന്നായിരുന്നു മകള്‍ പറഞ്ഞത്.
പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സന്തോഷമാണെന്ന തരത്തില്‍ പെരുമാറുകയായിരുന്നു.
തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭര്‍ത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kollam Vismaya Suicide Dowry Harassment Mother