| Monday, 21st June 2021, 2:16 pm

'സ്ത്രീധനം' ലഭിച്ച കാറ് കൊള്ളില്ലെന്ന് പറഞ്ഞ് മര്‍ദനം; വിസ്മയ ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ ക്രൂരമായ മര്‍ദനത്തിനിരയായെന്ന് ബന്ധുക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍തൃവീട്ടില്‍നിന്ന് മര്‍ദനമേറ്റിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസവും ഭര്‍ത്താവ് മര്‍ദിച്ചതായി സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ വിസ്മയ വെളിപ്പെടുത്തിയിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കി. വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദിച്ചതെന്നാണ് വിസ്മയ പറഞ്ഞത്.

തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊട്ടിച്ചതായും സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് മെസേജ് അയച്ചത്. എന്നാല്‍, ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി വിസ്മയ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി. പക്ഷേ കിരണ്‍ കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനം തുടരുകയായിരുന്നു.

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനപീഡനമാണ് മരണത്തിലെത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kollam vismaya death whatsapp messages by Vismaya reveals physical attack by husband

We use cookies to give you the best possible experience. Learn more